ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവുകളൊന്നും എസ്.ഐ സതീശന്‍സാറിന് ബാധകമല്ല; നിയമം സാധാരണക്കാര്‍ക്ക് മാത്രം, പോലീസുകാര്‍ക്ക് എന്തുമാകാം

single-img
11 January 2014

Police

ഹെല്‍മറ്റില്ലാത്തവനേയും സീറ്റ് ബല്‍റ്റിടാത്തവനേയും വഴിയില്‍ തടഞ്ഞു നിര്‍ത്തി പെറ്റിയടിച്ച് നടുവൊടിക്കുന്ന പോലീസിന് ഈ പറയുന്ന കാര്യങ്ങള്‍ ഒന്നും സ്വബാധകമല്ലെ അവസ്ഥയാണ് ചെറുതായിട്ടെങ്കിലും ചില പൗരന്‍മാരെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത്. പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ? ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധാരണക്കാരനെ പീഡിപ്പിക്കുമ്പോള്‍ ആ നിയമം എങ്ങിനെയാണ് നടപ്പിലാക്കേണ്ടതെന്ന് കാണിച്ചു കൊടുക്കുകയെങ്കിലും വേണം, ഏമാന്‍മാര്‍. അല്ലാതെ നിയമം നിയമത്തിന്റെ വഴിക്ക്, പോലീസ് പോലീസിന്റെ വഴിക്ക് എന്നു പറഞ്ഞ് അത് ചോദ്യം ചെയ്യുന്നവനെ സ്‌റ്റേഷനില്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന ഏമാന്‍മാര്‍ ഇക്കാലത്തും ജീവിച്ചിരിക്കുന്നുവെന്നറിയുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു.

മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ശ്രീ. സതീശന്‍സാര്‍ കഴിഞ്ഞ ദിവസം മണ്ണന്തല ജംഗ്ഷനില്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിരുന്നായി ഗംഭീര പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് മണ്ണന്തല ജംഗ്ഷനില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിമുട്ടിയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. ബൈക്കിലെ യാത്രക്കാര്‍ക്ക് പരാതിയില്ലെന്ന്പറഞ്ഞ് പോകാന്‍ തുടങ്ങിയ സമയത്താണ് എസ്.ഐ സതീശന്‍ സാര്‍ അവിടെത്തിയത്. പരാതിയില്ല എന്നതൊന്നും പ്രശ്‌നമല്ലെന്നും രണ്ടുപേരും സ്‌റ്റേഷനില്‍ വന്നിട്ട് പോയാല്‍ മതിയെന്നും ഏമാന്‍ ഉത്തരവിട്ടു. പോലീസിന്റെ കല്‍പ്പനയായതിനാല്‍ പോയല്ലേ പറ്റു. അവര്‍ സ്‌റ്റേഷനിലേക്ക് പോയി.

ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ മണ്ണന്തല ജംഗ്ഷനില്‍ കൂടി വാഹനമോടിച്ച സതീശന്‍സാറിന്റെ ഫോട്ടോയെടുത്ത evartha.in ന്യുസ് പോര്‍ട്ടലിന്റെ സി.ഇ.ഒ അല്‍-അമീനെ അസഭ്യം പറഞ്ഞുകൊണ്ടാണ് അടുത്ത പടി എസ്.ഐ ആരംഭിച്ചത്. സിനിമയില്‍ പോലും ഹെല്‍മെറ്റ് വച്ച് വാഹനമോടിക്കണമെന്നല്ലേ കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞിരിക്കുന്നതെന്നുള്ള ചോദ്യത്തിന് അയാള്‍ക്കങ്ങനെ പലതും പറയാമെന്ന മാന്യമായിട്ടുള്ള ഉത്തരമാണ് സാറിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് എന്നെ നിയമം പഠിപ്പിക്കരുതെന്നുള്ള വിനീതമായ അഭ്യര്‍ത്ഥനയും.

ചിത്രമൊക്കെ എടുത്തോ, പക്ഷേ അതു കയ്യിലിരുന്നാല്‍ മതി. പുറത്തുവിട്ടാല്‍ സ്‌റ്റേഷനില്‍ കയറിയിറങ്ങാനുള്ള സമയമേ കാണൂ എന്ന വിലപ്പെട്ട ഉപദേശവും തന്നിട്ടാണ് ശൂന്യമായ തലയോടുകൂടി തന്നെ സതീശന്‍സാര്‍ അവിടുന്ന് യാത്രയായത്.

നിയമലംഘനം ആരുനടത്തിയാലും അത് നിയമലംഘനം തന്നെയാണ്. പ്രത്യേകിച്ച് നിയമപാലകര്‍. എല്ലാം കാണുന്ന കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രം കാണുന്നില്ല എന്നുപറയുന്നത് സാധാരണക്കാരനെ സംബന്ധിച്ച് കഷ്ടമാണ്.