കേരളത്തിനു 15 സ്വര്‍ണം

single-img
11 January 2014

Aswinദേശീയ സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 സ്വര്‍ണവും 12 വെള്ളിയും ഒന്‍പതു വെങ്കലവും ഉള്‍പ്പെടെ 120 പോയിന്റുമായി മെഡല്‍പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത്.
100 മീറ്ററില്‍ മലപ്പുറം വളയംകുളം എംവിഎംആര്‍എച്ച്എസ്എസിലെ കെ.പി. അശ്വിന്‍ 11.01 സെക്കന്‍ഡില്‍ ഓടിയെത്തിയാണു സ്വര്‍ണത്തില്‍ മുത്തമിട്ടത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു. ചിത്ര ഇരട്ടസ്വര്‍ണം നേടിയ മലയാളി താരമായി. ആദ്യദിനം 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. പാലക്കാടിന്റെ ചിറകിലേറി ഇന്നലെ മാത്രം അഞ്ചു സ്വര്‍ണവും ആറുവെള്ളിയും നാലു വെങ്കലവും കേരളം സ്വന്തമാക്കി. ജിംനേഷ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വെസ്റ്റ് ബംഗാളിന്റെ സ്വപ്ന ബര്‍മന്‍ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ (1.73 മീറ്റര്‍) റിക്കാര്‍ഡ് സ്വന്തമാക്കിയതോടെ ഈ മീറ്റിലെ ആദ്യ ഇരട്ടറിക്കാര്‍ഡിന് ഉടമയായി. രണ്ടാം ദിനം ജാവലിന്‍ത്രോയിലും സ്വപ്ന ദേശീയ റിക്കാര്‍ഡ് മറികടന്നിരുന്നു. വേഗമേറിയ വനിതാതാരമായി മഹാരാഷ്ട്രയുടെ ശ്വേതാ ഹാക്കേ (12.59 സെക്കന്‍ഡ്) ഓടിയെത്തി.

ഇന്ന് 21 ഫൈനലുകള്‍ക്കു റാഞ്ചി ബിര്‍സാമുണ്ടാ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഏഴു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 49 പോയിന്റുമായി മഹാരാഷ്ട്രയും അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി 36 പോയിന്റുമായി ഹരിയാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.