പെണ്‍കരുത്തില്‍ കേരളം കുതിക്കുന്നു

single-img
10 January 2014

sportsദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം 10 സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 73 പോയിന്റുമായി പെണ്‍കരുത്തില്‍ മെഡല്‍പ്പട്ടികയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. ഇന്നലെ സ്വന്തമാക്കിയ ആറു സ്വര്‍ണത്തില്‍ അഞ്ചും സമ്മാനിച്ചത് പെണ്‍കുട്ടികളാണ്. ഇന്നലെ പിറന്ന മൂന്നു മീറ്റു റിക്കാര്‍ഡുകളില്‍ ഒന്നു കേരള താരം സ്വന്തമാക്കി.

സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ.എസ്. അനന്തു (1.89 മീറ്റര്‍ ) ഉയരം മറികടന്നാണു റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മണിയൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ എ.എം. ബിന്‍സി, ലോംഗ് ജംപില്‍ തിരുവനന്തപുരം സായിയുടെ ജനിമോള്‍ ജോയ്, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ജിസ്‌ന മാത്യു, സീനിയര്‍ പെണ്‍കുട്ടികളില്‍ പറളി എച്ച് എസ് പാലക്കാടിന്റെ വി.വി. ജിഷ, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പറളിയുടെ തന്നെ ബി.എം. സന്ധ്യ എന്നിവരാണു സുവര്‍ണ നേട്ടം സ്വന്തമാക്കിയ പെണ്‍പടയിലെ മറ്റ് അംഗങ്ങള്‍. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷാ സ്‌കൂളിലെ ഷഹര്‍ബാനാ സിദ്ദിഖ്, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ തലശേരി സായിയുടെ ആതിരാ സുരേന്ദ്രന്‍, ജാവലിന്‍ ത്രോയില്‍ തിരുനാവായ നാവാമുകുന്ദയിലെ സി.കെ. പ്രജിത, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വണ്ണപ്പുറം എസ്എന്‍എം സ്‌കൂളിലെ സന്ദു സുകുമാരന്‍ എന്നിവര്‍ കേരളത്തിനായി വെള്ളിമെഡല്‍ സമ്മാനിച്ചു.