സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടിഷനുണ്ടോയെന്ന് കോടതി

single-img
10 January 2014
സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്കായി സര്‍ക്കാര്‍ ജയിലില്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്‌ ഹൈക്കോടതി. സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പുകേസ് സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദാണ് സര്‍ക്കാര്‍ അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരി ഉടുത്തുകൊണ്ടാണ്‌ സരിത ജയിലിനു പുറത്തേയ്‌ക്ക് വരുന്നത്‌. ഇത്തരം വസ്‌ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ സൗകര്യം നല്‍കുന്നത്‌ എന്തിനാണ്‌   എന്നും  ഒരുങ്ങി നടക്കാന്‍ ജയിലില്‍ സരിതയ്‌ക്ക് ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നു ഹൈക്കോടതി ചോദിച്ചു. ജനങ്ങള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്‌ കോടതി പറഞ്ഞു . സരിത അനുഭവിക്കുന്ന സൗകര്യങ്ങള്‍ കാണുന്ന ജനങ്ങള്‍ക്ക്‌ ജയിലില്‍ പേകാന്‍ പേടിയില്ലാതാകുമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയതിന്‌ ശേഷം സരിതയെ പുതുപ്പള്ളിവഴി കൊണ്ടുപോയത്‌ എന്തിനാണെന്നും ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ കോടതി ചോദിച്ചു. സരിതയ്‌ക്ക് ഒരു തടവുപുള്ളി എന്നതില്‍ കവിഞ്ഞുള്ള പരിഗണന നല്‍കുന്നുണ്ടോയെന്നും ഭരണനേതൃത്വവും മാഫിയകളും തമ്മില്‍ ബന്ധമുണ്ടോയെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകരോട്‌ ആരാഞ്ഞു.