സബ്‌സിഡി നിരക്കിലുള്ള പാചകവാതകസിലിണ്ടറുകളുടെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി

single-img
10 January 2014

സബ്‌സിഡി നിരക്കിലുള്ള പാചകവാതകസിലിണ്ടറുകളുടെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയോട്‌ ആവശ്യപ്പെട്ടു.സബ്‌സിഡി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം ആറെണ്ണം എന്ന്‌ ആദ്യം നിജപ്പെടുത്തിയിരുന്നു. ശക്‌തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ സിലിണ്ടറുകളുടെ എണ്ണം പിന്നീട്‌ ഒന്‍പതാക്കി ഉയര്‍ത്തി. എന്നാല്‍ ഇതും മതിയാവില്ല എന്ന്‌ എല്ലാകോണുകളില്‍ നിന്ന്‌ ഉയര്‍ന്ന സാചര്യത്തിലാണു പൊതുതെരഞ്ഞെടുപ്പു മുന്നില്‍കണ്ട്‌ രാഹുല്‍ഗാന്ധി പാചകവാതകപ്രശ്‌നത്തില്‍ ഇടപെടുന്നത്‌. സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം വര്‍ഷം 12 എങ്കിലും ആക്കണമെന്ന നിര്‍ദ്ദേശമാണ്‌ രാഹുല്‍ഗാന്ധി വിളിച്ച കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നത്‌. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്ന്‌ രാഹുല്‍ഗാന്ധി ഉറപ്പു നല്‍കിയിരുന്നെങ്കിലും പെട്രോളിയം മന്ത്രാലയത്തിന്‌ അനുകൂല സമീപനമായിരുന്നില്ല.പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാടിനെ പിന്തുണച്ചു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ വീരപ്പ മൊയ്‌ലി കഴിഞ്ഞദിവസം വ്യക്‌തമാക്കുകയും ചെയ്‌തു. എന്നാല്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയേ മതിയാവൂ എന്ന നിലപാടിലുറച്ച രാഹുല്‍ ഇക്കാര്യം പെട്രോളിയം മന്ത്രിയോടു നേരിട്ടു നിര്‍ദ്ദേശിച്ചു