കെപിസിസി അധ്യക്ഷന്‍:ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു

single-img
10 January 2014
പുതിയ കെപിസിസി അധ്യക്ഷന്‍ ആരായിരിക്കണമെന്ന് സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു.. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടങ്ങി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ തുടരുന്നു. രാവിലെ 10 മണിയോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി രണ്ട് പേരും ചര്‍ച്ചനടത്തി. ഇതിന് ശേഷം 10.30 ഓടെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകില്ലെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. എത്രയും വേഗം തീരുമാനം വേണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ഥിച്ചതായും രമേശ് അറിയിച്ചുപി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരിനാണ് ഇപ്പോഴും മുന്‍തൂക്കം. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളതും കാര്‍ത്തികേയന്റെ പേരിനാണ്. ടി.എന്‍ പ്രതാപനും വി.ടി ബല്‍റാമും ഉള്‍പ്പടെയുള്ള ചിലര്‍ സുധീരന്റെ പേര് മുന്നോട്ട് വെച്ചിരുന്നു. ഇതുസംബന്ധിച്ച് ചില ഫാക്‌സ് സന്ദേശങ്ങളും ഹൈക്കമാന്‍ഡിന് കിട്ടി. കാര്‍ത്തികേയന്‍ പി.സി.സി പ്രസിഡന്റായാല്‍ നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കറാകാനാണ് എല്ലാ സാധ്യതയും. ഒഴിവ് വരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് കെ അച്യുതന്റെയും ടി.എന്‍ പ്രതാപന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.