നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചു; ദേവയാനി ഖൊബ്രാഗഡെ ഇന്ത്യയിലേക്ക്

single-img
10 January 2014

Devayaniഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രാഗഡെയെ അമേരിക്കയില്‍ അറസ്റ്റു ചെയ്തതുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക സമാപ്തി. ഇതേതുടര്‍ന്ന് അമേരിക്കയും ഇന്ത്യയുമായുള്ള ശീതസമരത്തിനും വിരാമമായിരിക്കുകയാണ്. അമേരിക്കന്‍ കോടതി ദേവയാനിക്കെതിരെ കുറ്റം ചുമത്തിയെങ്കിലും കേസില്‍ തുടര്‍നടപടികള്‍ വൈകിയതും നയതന്ത്ര പരിരക്ഷ ഉള്ളതിനാലും കേസുമായി മുന്നോട്ടു പോകുന്നത് അസാധ്യമായതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം.

അതിനിടെ ഇന്ത്യയുടെ ശക്തമായ സമ്മര്‍ദവും അമേരിക്കയെ പ്രതിസന്ധിയിലാക്കി. ഇതോടെ ദേവയാനിക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള വഴി തുറക്കുകയായിരുന്നു. അതിനിടെ ദേവയാനിയെ ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേവയാനി ഇന്ത്യയിലേക്ക് തിരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. ദേവയാനിയെ ഡല്‍ഹിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

നേരത്തേ ദേവയാനിയ്‌ക്കെതിരേ അമേരിക്കന്‍ കോടതി കുറ്റം ചുമത്തിക്കൊണ്ട് ഉത്തരവിട്ടിരുന്നു. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പടെ രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ് ദേവാനിക്കെതിരേ ചുമത്തിയത്. എന്നാല്‍ ദേവയാനിയുടെ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചതിനാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരില്ല. തുടര്‍ന്ന് ദേവയാനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തടസങ്ങളും നീങ്ങുകയായിരുന്നു.