രാജ്യത്തെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്

single-img
9 January 2014
രാജ്യത്തെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. 12-ാമത് ‘പ്രവാസി ഭാരതീയ ദിവസ്’ സമ്മേളനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ പണിയുന്ന പ്രവാസി ഭാരതീയ കേന്ദ്രയുടെ മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി ഭാരതീയ ഭവനുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വിദേശ-ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. സാമൂഹികരംഗത്തെയും രാഷ്ട്രീയത്തിലേയും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ എല്ലാവരുടെയും മനസ്സിലുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലെ ഇന്ത്യയുടെ നേട്ടം കൈവിട്ടുപോകുന്നുവെന്ന ചിന്ത വിദേശത്തുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം രാഷ്ട്രീയ വിഷയങ്ങള്‍ ആധിപത്യം നേടാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിയില്‍ ദുഃഖമോ ഭാവിയെക്കുറിച്ച് ആശങ്കയോ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം നല്ലകാലത്തേക്കാണ് പോകുന്നത്. രാജ്യത്തെ ഫെഡറല്‍ സമ്പ്രദായത്തിനുള്ളില്‍നിന്ന് ഭരണത്തില്‍ കൂടുതല്‍ സുതാര്യതയും മറ്റും കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിന് നിലവിലുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളുമെല്ലാം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. വിവരാവകാശ നിയമം, ലോക്പാല്‍, പ്രകൃതിവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനത്തില്‍ മാറ്റം, അന്വേഷണ ഏജന്‍സികള്‍ക്കും ഓഡിറ്റ് വിഭാഗത്തിനും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ സുതാര്യമായ ഭരണത്തിനുള്ള ആദ്യ ചുവടുവെപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.