ഒറ്റ ഫോണ്‍ കോളിലൂടെ അഴിമതിക്കാരെ കുടുക്കാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ആംആദ്മി

single-img
9 January 2014

Kejariwalപൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ കൈക്കൂലി ആവശ്യപ്പെടുകയോ സേവനം നിഷേധിക്കപ്പെടുകയോ ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ചു. കൈക്കൂലി ആവശ്യപ്പെടുന്നവരെ പിടികൂടാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മാത്രമാണിത്, പരാതി നല്‍കാനുള്ള നമ്പര്‍ അല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

011-27357169 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. നമ്പറില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരായ പ്രാഥമിക തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. ഇതിനായി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തണം. അതായത് കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളോ സംഭാഷണമോ ഉദ്യോഗസ്ഥനറിയാതെ പകര്‍ത്തണം. ഈ ദൃശ്യങ്ങളും ശബ്ദരേഖകളും പ്രാഥമിക തെളിവായി സ്വീകരിച്ച് സര്‍ക്കാരിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് നടപടിയെടുക്കും. ഈ രീതിയിലാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രാഥമിക തെളിവ് വിജിലന്‍സിനു നല്‍കി 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കും. ഏതു രീതിയാലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിക്കാനായി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നമ്പറില്‍ ലഭ്യമാക്കിയിരിക്കുന്നത്. നമ്പര്‍ ഓര്‍ത്തുവെക്കാന്‍ എളുപ്പത്തിനുവേണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നാലക്കമാക്കി ചുരുക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

സേവനങ്ങള്‍ക്ക് അനധികൃത പണമോ പാരിതോഷികമോ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു സേവനം നിര്‍വഹിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ക്കെതിരേയുള്ള വിവരങ്ങള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ നല്‍കാം. ബില്ലോ രസീതോ നല്‍കാതെ വാങ്ങുന്ന ഡൊണേഷന്‍, ഗ്രാന്റ് എന്നിവ കൈക്കൂലിയുടെ പരിധിയില്‍ വരുമെന്നും ഡല്‍ഹി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ജി.സി. ദ്വിവേദി പറഞ്ഞു.