പുകയില ഉല്‍പന്നങ്ങളുടെ നികുതി 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന്‌ പ്രമുഖര്‍

single-img
9 January 2014
 സംസ്ഥാന ബജറ്റ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും നികുതി 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ഈ ആവശ്യം ഉന്നയിച്ച്‌ ധനമന്ത്രി ശ്രീ കെ.എം.മാണിക്ക്‌ പ്രത്യേകം കത്തുകളയച്ചു. സിഗററ്റിന്റെ നികുതി കൂട്ടുന്നതിലൂടെ ഒട്ടേറെപേരുടെ ജീവിതം രക്ഷിക്കാനാകുമെന്നും അതോടൊപ്പം സംസ്ഥാന ഖജനാവിന്‌ നല്ലൊരു തുക വരുമാനമായി ലഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പുകയില ഉല്‍പന്നങ്ങള്‍ക്ക്‌ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ വിഭവചോര്‍ച്ച തടയാനാകുമെന്നും തടയാവുന്നതും വരുത്തിവെക്കുന്നതുമായ രോഗങ്ങളുടെ ചികിത്സക്ക്‌ ചെലവഴിക്കുന്ന തുക കുറയ്‌ക്കാനാകുമെന്നും പ്രശസ്‌ത നാടകകാരനും കവിയുമായ പത്മഭൂഷണ്‍ ശ്രീ കാവാലം നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രിക്ക്‌ ഒരു വാചകത്തിലൂടെ മറ്റൊരു വിധത്തിലും സാധിക്കാത്ത തരത്തില്‍ കേരളത്തിലെ അനവധി ജീവിതങ്ങളെ രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കത്തില്‍ ഓര്‍മിപ്പിച്ചു.
പുകയില ഉല്‍പന്നങ്ങള്‍ക്ക്‌ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിന്‌ വലിയൊരു പങ്കാണ്‌ ലഭ്യമാകുകയെന്ന്‌ കേരള സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ജി. ബാലമോഹന്‍ തമ്പി പറഞ്ഞു. നികുതി വര്‍ധിപ്പിച്ച്‌ പുകയില ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്‌ അവ ഉപയോഗിക്കുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനും കുട്ടികള്‍ പുകവലി തുടങ്ങുന്നത്‌ തടയാനും ഉപകരിക്കുമെന്ന്‌ ചലച്ചിത്ര സംവിധായകന്‍ ശ്രീ ഷാജി എന്‍. കരുണ്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ നികുതി വര്‍ധനവ്‌ ഉദാഹരണമാക്കിയാണ്‌ സിഡിഎസ്സിലെ ധനതത്വശാസ്‌ത്രം പ്രൊഫസര്‍ ഡോ. എസ്‌. ഇരുദയ രാജന്‍ പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധനവിനായി കത്തില്‍ ആവശ്യം ഉന്നയിക്കുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി നികുതി വര്‍ധിപ്പിച്ച്‌ 65 ശതമാനത്തിലെത്തിച്ച രാജസ്ഥാനിലാണ്‌ ഇന്ന്‌ ഇന്ത്യയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക്‌ ഏറ്റവുമധികം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ബീഡിയുടെ നികുതിയിലൂടെ രാജസ്ഥാന്‍ സര്‍ക്കാരിന്‌ ഇപ്പോള്‍ ലഭിക്കുന്നത്‌ 312.08 കോടി രൂപയാണ്‌. സിഗററ്റിന്റെ കാര്യത്തില്‍ 2009-10 വര്‍ഷത്തില്‍ 62.8 കോടി രൂപ നികുതി കിട്ടിയിരുന്നിടത്ത്‌ 2011-12ല്‍ 139.23 കോടി രൂപയായി അത്‌ ഉയര്‍ന്നു കഴിഞ്ഞുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
പുകയിലയുടെ ദുരന്തഫലം അനുഭവിക്കുന്നവരെ ദിവസവും കാണുകയും ചികില്‍സിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലാണ്‌ താന്‍ പുകയില ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത നികുതി 65 ശതമാനമാക്കി ഉയര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതെന്ന്‌ പിആര്‍എസ്‌ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തലവനും പ്രശസ്‌ത ഹൃദ്‌രോഗ വിദഗ്‌ദ്ധനുമായ ഡോ. ടൈനി നായര്‍ പറഞ്ഞു. ഡോക്ടറെന്ന നിലയില്‍ താനിവരെ ചികില്‍സിച്ചു ഭേദമാക്കുമ്പോള്‍ മനുഷ്യനെന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തിലേ നുള്ളിക്കളയുകയാണ്‌ വേണ്ടതെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ്‌ കെ.പി.ബാലചന്ദ്രന്‍, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, റിട്ട. ഡിജിപി ശ്രീ കെ.പി.സോമരാജന്‍, തൃശൂര്‍ ഗവ ആര്‍ട്‌സ്‌ കോളജ്‌ റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. സി.ജി.രാജഗോപാല്‍, ജെന്‍ഡര്‍ ഇക്കണോമിസ്‌റ്റ്‌ ഡോ. എസ്‌.രാധ, പിആര്‍എസ്‌ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ ന്യൂറോളജിസ്‌റ്റ്‌ ഡോ.ആര്‍.ആനന്ദം, ആറ്റുകാല്‍ ദേവി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഡോ.ജി.ഗിരിജ, ശിശുരോഗവിദഗ്‌ദ്ധന്‍ ഡോ.ടി സുരേഷ്‌ കുമാര്‍, ഐഎംഎ റിസര്‍ച്ച്‌ സെല്‍ ചെയര്‍മാന്‍ ഡോ. ശ്രീജിത്ത്‌ എന്‍. കുമാര്‍, റിട്ട. എസ്‌പി ശ്രീ കെ.എന്‍. ജനരാജന്‍ എന്നിവരും പുകയില ഉല്‍പന്നങ്ങള്‍ക്ക്‌ നികുതി 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
കേരളത്തില്‍ 55 ലക്ഷത്തോളം പേര്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും മൂല്യവര്‍ദ്ധിത നികുതി 65 ശതമാനമാക്കി ഉയര്‍ത്തുന്നതിലൂടെ 4.45 ലക്ഷം ആളുകളുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാകുമെന്നും യുഎസ്‌എയിലെ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്‌.