സാധനങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
8 January 2014

Niyamasabha1സംസ്ഥാനത്ത് ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഐ നിയമസഭകക്ഷി നേതാവ് സി.ദിവാകരനാണ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ഓഗസ്റ്റിന് ശേഷം സംസ്ഥാനത്ത് അരി വിലയില്‍ വര്‍ധനവേ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ജയ അരിക്ക് മാത്രമാണെന്നും മട്ട അരിക്ക് വില 10 ശതമാനം കുറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഈ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. വിലക്കയറ്റത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത മന്ത്രി സ്വപ്ന ലോകത്താണ് ജീവിക്കുന്നതെന്ന് സി.ദിവാകരന്‍ പറഞ്ഞു.