മുഷറഫിന്റെ ആരോഗ്യസ്ഥിതി: റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

single-img
8 January 2014
ഹൃദയാഘാതം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാകിസ്താന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യ സ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. രാജ്യദ്രോഹക്കേസില്‍ മുഷറഫിനെ വിചാരണ ചെയ്യുന്ന റാവല്‍പിണ്ടിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി മുഷറഫിനെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചത്. റാവല്‍പിണ്ടിയില്‍ മുഷറഫ് ചികിത്സയില്‍ കഴിയുന്ന സൈനിക ആസ്പത്രിയിലെ വൈദ്യസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വിചാരണക്കോടതിയുടെ അധ്യക്ഷന്‍  പറഞ്ഞു. വിചാരണയ്ക്കായി വെള്ളിയാഴ്ച പ്രത്യേക കോടതിയിലേക്ക് പോകവേയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മുഷറഫിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.