2016-ഓടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പാക്കും

single-img
8 January 2014
2016-ഓടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച നചികേത് മോര്‍ സമിതി ശുപാര്‍ശചെയ്തു.രാജ്യത്ത് എവിടെയും 15 മിനിറ്റ് നടക്കാനുള്ള ദൂരത്തിനിടയില്‍ പണം പിന്‍വലിക്കാനും അടയ്ക്കാനുംമറ്റുമുള്ള സൗകര്യം ഏര്‍പ്പെടുത്തണം. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സേവനമെത്തിക്കാന്‍ പ്രത്യേകബാങ്കുകള്‍ തുടങ്ങണമെന്നതുള്‍പ്പെടെയുള്ള സമഗ്രപരിഷ്‌കാരങ്ങളാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.2016 ജനവരി ഒന്നിനകം രാജ്യത്ത് 18 വയസ്സുതികഞ്ഞ ഓരോ പൗരനും പൂര്‍ണസുരക്ഷിതമായ ഇലക്‌ട്രോണിക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കണം-റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും സാമ്പത്തികസേവനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് സമിതിയെ നിയോഗിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നചികേത് മോര്‍ അധ്യക്ഷനായ സമിതി ചെറുകിടബാങ്കുകള്‍ കൂടുതലായി തുടങ്ങാന്‍ ശുപാര്‍ശ ചെയ്യുന്നു. 50 കോടി രൂപയുടെ കുറഞ്ഞ മൂലധനത്തില്‍ ഇത്തരം ബാങ്കുകള്‍ തുടങ്ങാം. സമ്പൂര്‍ണബാങ്കുകള്‍ തുടങ്ങാന്‍ 500 കോടി രൂപ മൂലധനംവേണമെന്നാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്.