കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമാനമണ്ഡലമായ അമേഠിയിൽ മത്സരിക്കാൻ ആം ആദ്മി പാര്‍ട്ടി തീരുമാനം

single-img
8 January 2014
കോണ്‍ഗ്രസ്‌നെ കൂടുതൽ പ്രതിരോധത്തിൽ ആക്കി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമാനമണ്ഡലമായ അമേഠി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാസീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.വി.വി.ഐ.പി. മണ്ഡലമായിട്ടും വികസനത്തിന്റെ കാര്യത്തില്‍ അമേഠി ഏറെ പിന്നിലാണെന്നും ഇക്കാര്യം ഉയര്‍ത്തിയാകും ജനവിധി തേടുകയെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു. പാര്‍ട്ടിയുടെ തീപ്പൊരിനേതാവും കവിയുമായ കുമാര്‍ വിശ്വാസായിരിക്കും രാഹുലിനെതിരെ മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനവരി 12ന് അമേഠിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുറാലിയില്‍ കുമാര്‍വിശ്വാസ് പങ്കെടുക്കും.അതെ സമയം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ റായ്ബറേലിയിലും സമാജ്‌വാദിപാര്‍ട്ടിനേതാവ് മുലായം സിങ് യാദവിനെതിരെ മെയ്ന്‍പുരിയിലും കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സഞ്ജയ് സിങ് അറിയിച്ചു.രാജീവ്ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രഗത്ഭരുടെ മണ്ഡലമായിട്ടും അമേഠിയില്‍ വികസനം എത്തിയിട്ടില്ല. ഒരുചാക്ക് വളത്തിനുവേണ്ടി കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. സര്‍ക്കാര്‍ കുഴിച്ചുനല്‍കിയ കുഴല്‍ക്കിണറുകള്‍ നോക്കുകുത്തിയായി. എല്ലായിടത്തും അഴിമതിയാണെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.അതിനിടെ ചൊവ്വാഴ്ച അമേഠിയില്‍ ആം ആദ്മി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തമ്മില്‍ ഏറ്റുമുട്ടി. പൊതുവേദിയില്‍ നടന്ന ചാനല്‍ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.