കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിയമസഭയ്ക്ക് മുന്നില്‍ ഇടത് എംഎല്‍എമാരുടെ സത്യാഗ്രഹം

single-img
7 January 2014

Niyamasabhaമലയോര മേഖലയിലെ ഇടതുപക്ഷ എംഎല്‍എമാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ.ജയചന്ദ്രന്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്നാണ് എംഎല്‍എമാര്‍ സഭയ്ക്ക് മുന്നില്‍ ഒരു ദിവസത്തെ സത്യാഗ്രഹം പ്രഖ്യാപിച്ചത്. സമരം സഭയ്ക്കുള്ളില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ച നടത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഇതിനെ എതിര്‍ത്തു. വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്നും ഇന്ന് തന്നെ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഈ വാദം തള്ളിയതോടെയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.