അദ്ധ്യാപികയായ യുവതിയെ മതിലുചാടി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി റിമാന്‍ഡില്‍

single-img
7 January 2014

DYSPഅദ്ധ്യാപികയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ റിമാന്‍ഡിലായ ഡിവൈഎസ്പിയെ ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അറസ്റ്റിലായ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എ.ജി. ജോര്‍ജിനെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ സ്വകാര്യവാഹനത്തില്‍ കോളേരിയിലെത്തിയ ഡിവൈഎസ്പി മതില്‍ ചാടിക്കടന്ന് യുവതിയുടെ വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ കേണിച്ചിറ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇയാളെ സ്റ്റേഷനില്‍ എത്തിക്കുകയും വീട്ടമ്മയുടെ പരാതി പ്രകാരം കേസെടുക്കുകയുമായിരുന്നു.

പോലീസ് സേനയില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. ഇതിന് മുമ്പ് പുല്പള്ളി സ്വദേശിയായ യുവാവ് ശല്യം ചെയ്യുന്നെന്ന്് കാണിച്ച് അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു. ആരോപണവിധേയനായ പുല്പള്ളി സ്വദേശിയുടെ സുഹൃത്താണ് ആരോപണ വിധേയനായ ഡിവൈഎസ്പി. ഡിവൈഎസ്പിതന്റെ സ്വകാര്യ വാഹനത്തിലാണ് അധ്യാപികയുടെ വീട്ടില്‍ എത്തിയത്. മദ്യലഹരിയില്‍ ആയിരുന്നു ഇയാളെന്ന് വീട്ടമ്മ പറഞ്ഞു.

കേണിച്ചിറയിലെ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് വീട്ടമ്മ എസ്പിയ്ക്ക് മുമ്പാകെ പരാതി നല്കിയത്. ഡിവൈഎസ്പിയുടെ പേരില്‍ ഐപിസി 354 എ, ബി, സി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.