എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
6 January 2014

Niyamasabhaസാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതിലെ ആശയക്കുഴപ്പവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷത്തു നിന്നും തോമസ് ഐസകാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. എണ്ണക്കമ്പനികള്‍ക്കും റിലയന്‍സിനും കോടികള്‍ ലാഭമുണ്ടാക്കാനാണ് എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പ്രതിപക്ഷത്തിന്റെ വാദം തള്ളി. പ്രശ്‌നങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നുവെന്നും അതെല്ലാം പരിഹരിച്ചുവെന്നുമാണ് മന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എണ്ണക്കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് വി.എസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.