മുഷാറഫ് ഹൃദയാഘാതം മൂലം ആശുപത്രിയില്‍, രാജ്യദ്രോഹക്കേസ് നീട്ടിവച്ചു

single-img
3 January 2014

pevez_2779396bവിചാരണയ്ക്ക് സ്‌പെഷല്‍കോടതിയിലേക്കു വരുന്ന വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫിനെ റാവല്‍പ്പിണ്ടിയിലെ ആംഡ് ഫോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആന്‍ജിയോഗ്രാഫി നടത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹാജരായില്ലെങ്കില്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുമെന്നു നേരത്തെ കോടതി മുഷാറഫിനു മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വാറന്റ് പുറപ്പെടുവിക്കുന്നില്ലെന്നും ഹാജരാവുന്നതില്‍നിന്ന് തത്കാലം ഒഴിവു നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേക്കു നീട്ടിവച്ചു. ഇതു മൂന്നാംതവണയാണ് മുഷാറഫ് കോടതിയില്‍ ഹാജരാവാതെ ഒഴിഞ്ഞുമാറുന്നത്. മുമ്പു രണ്ടുതവണയും സുരക്ഷയുടെ പേരു പറഞ്ഞാണ് ഒഴിവായത്.

എന്നാല്‍ മുഷറഫിന്റെ ‘രോഗ’ത്തിനെതിരെ കൊല്ലപ്പെട്ട പി.പി.പി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തെത്തി. മുഷാറഫിനു ഹൃദ്രോഗമുണേ്ടാ ഇല്ലയോ എന്നറിയാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നു ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആവശ്യപ്പെട്ടു. കേസില്‍നിന്ന് ഒഴിവാകാനാണോ മുഷാറഫിന്റെ ശ്രമം എന്നു പരിശോധിക്കണം. ധീരരായ നമ്മുടെ സൈന്യത്തിന്റെ യൂണിഫോം ഈ ഭീരു അണിഞ്ഞിരുന്നു എന്നു വിശ്വസിക്കാന്‍ തനിക്കാവുന്നില്ലെന്നും 25കാരനായ ബിലാവല്‍ ട്വിറ്റ് ചെയ്തു.