ഗവര്‍ണറുടെ നയപ്രഖ്യാപനം; സ്മാര്‍ട്ട് സിറ്റിയിലൂടെ 12,000 പേര്‍ക്ക് തൊഴില്‍, ഏഴര ശതമാനം വളര്‍ച്ച നിരക്ക് ലക്ഷ്യം

single-img
3 January 2014

governor-nikhil-kumar-2013-03-22-23-05-17_bസംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് സിറ്റിയിലൂടെ 12,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. സംസ്ഥാനം 7.5 വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ആരംഭിക്കും. അട്ടപ്പാടിക്കായി പ്രത്യേക പാക്കേജ് അനുവദിക്കും. പോഷകാഹാര കുറവ് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങുമെന്നും പിന്നോക്ക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദിവാസി കോളനികളിലേക്ക് റോഡുകള്‍ നിര്‍മിക്കാന്‍ 100 കോടി ഫണ്ട് ചിലവാക്കാനും വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ദിരാ ആവാസ് യോജ്‌ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 വീടുകള്‍ നിര്‍മിക്കുന്ന ഭവന പദ്ധതിക്ക് തുടക്കമിടാനും സംസ്ഥാനത്തിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സാമൂഹ്യ മേഖലയിലെ മികച്ച മാതൃകയാ് കാരുണ്യ ലോട്ടറിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും ലാബുകള്‍ തുടങ്ങും. കൊച്ചിയില്‍ രണ്ട് ഇലക്ട്രോ മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ നിര്‍മിക്കും. നെതര്‍ലണ്ട് സഹായത്തോടെ കാര്‍ഷിക മേഖലയ്ക്ക് സാങ്കേതിക കേന്ദ്രം ആരംഭിക്കും. ഈ വര്‍ഷം തദ്ദേശ സ്വയംഭരണത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍ നടത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വികസനത്തിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. പഞ്ചായത്തുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും പുതുസംരംഭങ്ങള്‍ തുടങ്ങാന്‍ രണ്ട് ലക്ഷം രൂപ അനുവദിക്കും.

വന്ധ്യതാ ചികിത്സയ്ക്ക് പ്രത്യേക യൂണിറ്റുകള്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും ആരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ താലൂക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സംവിധാനം. പോളി ഹൗസ് ഫാമിന് സഹായം. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യുഐഡി നമ്പര്‍ എന്നിവയ്ക്ക് നടപടി സ്വീകരിക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു.

പാഠ്യപദ്ധതിയില്‍ അടുത്തവര്‍ഷം മുതല്‍ സമഗ്ര പരിഷ്‌ക്കരണമുണ്ടാകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഭൂമിയുടെ റീസര്‍വ്വേ ഈ വര്‍ഷം വീണ്ടും തുടങ്ങും. എല്ലാ താലൂക്ക് ആശുപത്രികളിലും 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് തുടങ്ങും. കരമന-കളിയിക്കാവിള പാത വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ പലിശരഹിത വായ്പ നല്‍കും. ഏഴ് ബസ് സ്റ്റേഷനുകളില്‍ ഷോപ്പിംഗ് കോപ്ലെക്‌സുകള്‍ നിര്‍മ്മിക്കും.

അന്യസംസ്ഥാനത്തു നിന്നുള്ള അനധികൃത ലോട്ടറികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ആറ് നാഷണല്‍ ഹൈവേ ബൈപ്പാസുകള്‍ പണി ഉടന്‍ തുടങ്ങും. കൊച്ചി തേവരയില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കും. റോഡ് സുരക്ഷയ്ക്കായി മോട്ടോര്‍ വാഹനവകുപ്പ് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങും. കെഎസ്ഇബി ഓഫീസുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. കോട്ടയത്ത് പോലീസുകാര്‍ക്കായി 200 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങും.

10 സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. 10 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും. കൊച്ചി ബ്രഹ്മപുരത്ത് 400 മെഗാവാട്ട് വാതകോര്‍ജ നിലയം സ്ഥാപിക്കും. തീവ്രവാദ ഭീഷണി നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാരെ നിയോഗിക്കും. റോഷന്‍ കടകളുടെ കംപ്യൂട്ടര്‍ വത്കരണം പൂര്‍ത്തിയാക്കും. അന്തര്‍സംസ്ഥാന സര്‍വീസിനായി കെഎസ്ആര്‍ടിസി 10 പുതിയ വോള്‍വോ ബസുകള്‍ വാങ്ങും. ലാഭപ്രഭ പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ തുടങ്ങും. എല്ലാ നഗരങ്ങളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കും. ഊര്‍ജ്ജ സംരക്ഷണം സാധ്യമാക്കുന്ന സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണ് എല്ലാ മേഖലയിലും നടത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരാശങ്കയ്ക്കും ഇടനല്‍കാത്ത രീതിയില്‍ ഇവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പരിധിവിട്ടുള്ള പ്രതിഷേധങ്ങളോട് വിയോജിപ്പുണ്‌ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവും ലംഘിച്ചുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നും എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്‌ടെന്നും ഗവര്‍ണര്‍ പറഞ്ഞു.