അത്ഭുത ഏകദിനം

single-img
2 January 2014

Anderson_Coreഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി തികച്ച് ന്യൂസിലന്‍ഡിന്റെ കോറെ ആന്‍ഡേഴ്‌സണ്‍ ബാറ്റിംഗ് വെടിക്കെട്ടിലൂടെ പുതുവര്‍ഷ പുലരി ആഘോഷമാക്കി. ഇരുപത്തിമൂന്നുകാരനായ ആന്‍ഡേഴ്‌സന്റെ ബാറ്റില്‍ നിന്നു റണ്‍ പൂത്തിരി ബൗണ്ടറിയുടെയും സിക്‌സറിന്റെയും രൂപത്തില്‍ കത്തിക്കയറിയപ്പോള്‍ തകര്‍ന്നു വീണതു 17 വര്‍ഷം മുമ്പു പാക് താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റിക്കാര്‍ഡ്. 36 പന്തില്‍ നിന്നു നാലു ഫോറും ആറു സിക്‌സും അടക്കമാണ് ആന്‍ഡേഴ്‌സണ്‍ ചരിത്രം കുറിച്ച സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ 46 പന്തില്‍ സെഞ്ചുറി തികച്ച് ഓപ്പണര്‍ ജെസി റൈഡറിന്റെകൂടി ബാറ്റിംഗ് കരുത്തില്‍ ന്യൂസിലന്‍ഡ് 21 ഓവറില്‍ 283 റണ്‍സ് നേടി. വിന്‍ഡീസിന്റെ മറുപടി 21 ഓവറില്‍ 124ല്‍ അവസാനിച്ചു. മഴയെത്തുടര്‍ന്ന് മത്സരം 21 ഓവറായി വെട്ടിക്കുറയ്ക്കുകയായിരുന്നു. 46 പന്തില്‍ സെഞ്ചുറി നേടിയ റൈഡര്‍ വേഗമേറിയ സെഞ്ചുറിക്കാരുടെ പട്ടികയില്‍ ആറാമനുമായി. 51 പന്തില്‍ അഞ്ചു സിക്‌സറും 12 ഫോറുകളും പായിച്ച റൈഡര്‍ 104 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിന്റെ പോരാട്ടം 21 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 124ല്‍ അവസാനിച്ചു.