ബിഎഡ് കോഴക്കേസില്‍ പി.സി. ജോര്‍ജിനെ ഇന്നു വിസ്തരിക്കും

single-img
31 December 2013

pc-georgeവിവാദമായ ബിഎഡ് കോഴക്കേസില്‍ രണ്ടും മൂന്നും സാക്ഷികളായ ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്കുലര്‍ വയനാട് മുന്‍ ജില്ലാ പ്രസിഡന്റ്് റജി പുത്തേഴത്ത് എന്നിവരെ ഇന്നു വിസ്തരിക്കും. സാക്ഷികളുടെ അസൗകര്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തീയതി ഇന്നലത്തേതില്‍ നിന്നും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ ബിഎഡ് കോളജ് അനുവദിക്കാന്‍ മെത്രാപ്പോലീത്തയോടു വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ കോഴ ചോദിച്ചെന്നായിരുന്നു പ്രസ്തുത കേസ്. 2004 ജനുവരി 20നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിജിലന്‍സ് കോടതിയില്‍ കോഴ സംബന്ധിച്ചു ഹര്‍ജി നല്‍കിയത്. ലീഗ് നേതാക്കളായ എന്‍.മമ്മൂട്ടി, പി.സി. അഹമ്മദ്, പി.പി. വി. മൂസ എന്നിവര്‍ക്ക് 2006 ഫെബ്രുവരി 28ന് വിജിലന്‍സ് പ്രത്യേക കോടതി കുറ്റപത്രം നല്‍കിയിരുന്നു. ഒന്നും രണ്ടും പ്രതികളായ എന്‍.മമ്മൂട്ടി, പി.സി. അഹമ്മദ് എന്നിവര്‍ വിചാരണക്കിടയില്‍ മരിച്ചു. മുന്‍ എംഎല്‍എയായ പി.പി.വി. മൂസ മാത്രമാണ് ഇപ്പോള്‍ കേസ് നേരിടുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേസില്‍ രണ്ടു ഘട്ടങ്ങളിലായി വിസ്തരിച്ചിരുന്നു. പ്രതികള്‍ കോഴ ചോദിച്ച വിവരം ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നു മെത്രാപ്പോലീത്തയും മുന്‍ മന്ത്രി പരേതനായ ടി.എം. ജേക്കബും കോടതിയില്‍ മൊഴി നല്‍കിയതിനാലായിരുന്നു ഇത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴി പ്രതികള്‍ക്കനുകൂലമായിരുന്നു.