ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

single-img
31 December 2013

Policeഡല്‍ഹിയില്‍ രാംലീല മൈതാനത്ത് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കെജരിവാളിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന രാം ലീലാ മൈതാനിയില്‍ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ രാജേഷ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാതെ രാജേഷ് ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് കെജരിവാളിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സിറ്റി ഗവണ്‍മെന്റിന്റെ കീഴില്‍ കൊണ്ടു വരണമെന്നും രാജേഷ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഔദ്യോഗിക തൊപ്പി ആകാശത്ത് ചുഴറ്റി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാജേഷിനെ സഹപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. രാജസ്ഥാന്‍ സ്വദേശിയായ രാജേഷ് കുമാര്‍ 2010ലാണ് ഡല്‍ഹി പോലീസില്‍ സേവനം ആരംഭിക്കുന്നത്.