ഡല്‍ഹിയില്‍ ആം ആദ്മി യുഗം; ഡല്‍ഹിനിവസികള്‍ക്ക് പ്രതിദിനം 700 ലിറ്റര്‍ വെളളം: കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ഒരു കോടി ധനസഹായം

single-img
31 December 2013

Kejariwalഅധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി ആംആദ്മി പാര്‍ട്ടി തലസ്ഥാന നഗരിയുടെ മുഖചിത്രം മാറ്റിവരയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടിയായി ജനുവരി ഒന്നു മുതല്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിന് പ്രതിദിനം 700 ലിറ്റര്‍ വെളളം സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി ജല ബോര്‍ഡ് അറിയിച്ചു. ഒരു മാസം ഒരു കുടുംബത്തിന് 20,000 ലിറ്റര്‍ വെളളം നല്‍കും. ഉപഭോഗം 20,000 ലിറ്ററില്‍ കൂടിയാല്‍ മുഴുവന്‍ വെളളത്തിന്റെ തുക ഈടാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

കെജരിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശനിയാഴ്ച തന്നെ ജല ബോര്‍ഡില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ജല ബോര്‍ഡ് സിഇഒ ദേബശ്രീ മുഖര്‍ജി ഉള്‍പ്പെടെ ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരെ എഎപി സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിരുന്നു.

ഇതിനിടെ ഡ്യൂട്ടിക്കിടെ മദ്യമാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. എക്‌സൈസ് കമ്മീഷണറുമായി കെജരിവാള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.

എക്‌സൈസ് വകുപ്പില്‍ ഡെപ്യൂട്ടേഷനിലായിരുന്ന കോണ്‍സ്റ്റബിള്‍ വിനോദ് കുമാറാണ് മദ്യ മാഫിയയുടെ ആക്രമണത്തിനിരയായത്. കുമാറിന്റെ വീട്ടിലെത്തി ആശ്വസിപ്പിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖമുണ്‌ടെന്നും കുടുംബത്തിന് ഒരു കോടി ധനസഹായം നല്‍കുമെന്നും കെജരിവാള്‍ കത്തിലൂടെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അറിയിച്ചു.

ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഒരു കോടി രൂപയാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.