പുതിയ വെളിപ്പെടുത്തൽ : മുസാഫിർ നഗറിൽ കുട്ടികൾ തണുത്ത് മരിച്ചിട്ടില്ല

single-img
27 December 2013

ഡല്‍ഹി : ഉത്തര്‍പ്രദേശിലെ ആഭ്യന്തര സെക്രട്ടറി അനില്‍ ഗുപ്തയാണ് മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുങ്ങള്‍ തണുത്ത് മരിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ചില രാഷ്ട്രീയ ഗൂഡാലോചനകളുടെ ഭാഗമായ പ്രചാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ന്യൂമോണിയ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. തണുപ്പ് കൊണ്ട് ആരും മരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ആളുകള്‍ തണുത്ത് മരിച്ചിരുന്നെങ്കില്‍ സൈബീരിയായില്‍ ഇപ്പോള്‍ ആരും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം അനില്‍ ഗുപ്തയുടെ വാക്കുകള്‍ തികച്ചും നിരുത്തരവാദപരമാണെന്നാണ് ബിജെപിയുടെ ആക്ഷേപം. അഖിലേഷ് യാദവ് സര്‍ക്കാരിന്റെ മനോനിലയാണ് ഗുപ്തയുടെ വാക്കുകളിലൂടെ പുറത്ത് വരുന്നതെന്നും ബിജെപി ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മുഖ്യകാരണക്കാരന്‍ അഖിലേഷാണെന്നും ബിജെപി ആരോപിക്കുന്നു.
അനില്‍ ഗുപ്തയുടെ താരതമ്യങ്ങള്‍ തികച്ചും അപലപനീയമാണെന്നാണ് ബിഎസ്പിയുടെ പക്ഷം. സര്‍ക്കാര്‍ എത്രമാത്രം അധഃപതിച്ചു എന്നതിന് ഉദാഹരണമാണ് ഇത്തരം പ്രസ്താവനകളെന്നും ബിഎസ്പി ചൂണ്ടിക്കാട്ടുന്നു. കടുത്ത നടപടികളെടുക്കണമെന്നും ഭാവിയില്‍ ഉദ്യോഗസ്ഥര്‍ ഇത്തരം നിരുത്തരവാദപരമായ നിലപാടുകള്‍ കൈക്കൊളളാനിടയുണ്ടാക്കരുതെന്നും ഇവര്‍ പറയുന്നു.
മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ 34 കുട്ടികള്‍
മരിച്ചതായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥീരികരിച്ചിരുന്നു. 12 വയസിന് താഴെയുളള കുട്ടികളാണ് മരിച്ചത്. സെപ്റ്റംബര്‍ 7നും ഡിസംബര്‍ 20നും ഇടയിലാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്നും രേഖകള്‍ പറയുന്നു.
വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയും ഇതേ നിലപാട് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. മാധ്യമ പ്രചാരണം ശക്തമായതോടെ വസ്തുതകള്‍ പരിശോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഡിസംബര്‍ 13ന് സര്‍ക്കാര്‍ ഒരു അന്വേഷണകമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. മീററ്റ് കമ്മീഷണര്‍ മഞ്ജിത് സിംഗ്, ജില്ലാ മജിസ്‌ട്രേറ്റ്,മുസാഫര്‍ നഗറിലെയും ഷാംലിയിലെയും ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്തന്. 11 കുട്ടികളുടെ മരണം സംഘം സ്ഥിരീകരിച്ചു. ഇതേ സമിതി തന്നെയാണ് ഇപ്പോള്‍ 34 കുട്ടികളുടെ മരണവും സ്ഥിരീകരിച്ചിട്ടുളളത്.