13 കോളജുകള്‍ക്കു സ്വയംഭരണാവകാശം

single-img
24 December 2013

Universityരണ്ടു സര്‍ക്കാര്‍ കോളജുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 13 കോളജുകള്‍ക്കു സ്വയംഭരണ അവകാശം നല്‍കാന്‍ സര്‍ക്കാര്‍ യുജിസിയോട് ശിപാര്‍ശ ചെയ്തു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവയാണു പട്ടികയില്‍ ഇടം നേടിയ സര്‍ക്കാര്‍ കോളജുകള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തൃശൂര്‍ സെന്റ് തോമസ്, കളമശേരി രാജഗിരി , തേവര എസ്എച്ച്, എറണാകുളം സെന്റ് തെരേസാസ്, ചങ്ങനാശേരി എസ്ബി, കൊല്ലം ഫാത്തിമ മാതാ, തിരുവനന്തപുരം മാര്‍ ഈവാനിയോസ്, മമ്പാട് എംഇഎസ്, കോഴിക്കോട് ഫാറൂഖ് എന്നിവയാണു പട്ടികയിലുള്‍പ്പെട്ട എയ്ഡഡ് കോളജുകള്‍.

പ്രഫ. മാധവമേനോന്‍ അധ്യക്ഷനായിരുന്ന സമിതിയാണു കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ചു പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു നല്‍കിയത്. പ്രഫ. ലോപ്പസ് മാത്യു, ഡോ. എ. അന്‍വര്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ ശിപാര്‍ശ സര്‍വകലാശാലകള്‍ യുജിസിയെ അറിയിക്കും. സ്വയംഭരണ അവകാശം ലഭിക്കുന്ന കോളജുകളില്‍ ഗവേണിംഗ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും രൂപീകരിക്കണം. നിലവില്‍ സര്‍വകലാശാലകളുടെ പരിധിയിലായിരുന്ന അക്കാദമിക് വ്യവസ്ഥകള്‍, പാഠ്യപദ്ധതി, പാഠ്യവിഷയങ്ങള്‍, മൂല്യനിര്‍ണയം, പുതിയ കോഴ്‌സുകളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഈ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്.