കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി; പ്രകടനപത്രിക ഫെബ്രുവരിയില്‍

single-img
24 December 2013

congress-party-logo-flag-wallpaperവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. 150 സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ജനുവരിയില്‍ നടത്താനും എഐസിസി തീരുമാനിച്ചു.

പ്രകടനപത്രിക ഫെബ്രുവരി ആദ്യവാരം തയാറാകുമെന്നു കേന്ദ്രമന്ത്രിയും തെരഞ്ഞെടുപ്പു തയാറെടുപ്പിനുള്ള എഐസിസി സമിതിയുടെ നായകനുമായ ജയറാം രമേശ് പറഞ്ഞു. പ്രകടനപത്രികയെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഒരു മാസത്തിലേറെ സമയം നല്‍കുമെന്നും ഇതനുസരിച്ചു പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍കൂടി ചേര്‍ത്താകും അന്തിമ പ്രകടന പത്രിക സമര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണി അധ്യക്ഷനായ സമിതിയുടെ പ്രധാന ശിപാര്‍ശ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 150 സ്ഥാനാര്‍ഥികളെ ജനുവരി അവസാനത്തോടെയെങ്കിലും പ്രഖ്യാപിക്കാനാണു നീക്കം. സിറ്റിംഗ് എംപിമാരില്‍ ജയസാധ്യതയുള്ളവരുടെ സ്ഥാനാര്‍ഥിത്വം വൈകിക്കരുതെന്നു സോണിയഗാന്ധിയും രാഹുലും തീരുമാനിച്ചിട്ടുണ്ട്. 20,000 വോട്ടുകളിലേറെ ഭൂരിപക്ഷത്തിനു ജയിച്ചവര്‍ക്ക് ആദ്യപട്ടികയില്‍ പരമാവധി സ്ഥാനം നല്‍കും. കോണ്‍ഗ്രസ് എംപിമാരില്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ജയിച്ചവരെയും പരിഗണിക്കും. ഇതനുസരിച്ചുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.