മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്ത എം.പി. അച്യുതനെതിരേ നടപടി ഉണ്ടാകുമെന്നു പന്ന്യന്‍ രവീന്ദ്രന്‍

single-img
23 December 2013

PANNYAN RAVEENDRAN M.Pമുഖ്യമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ലംഘിച്ച സിപിഐ രാജ്യസഭാംഗം എം.പി. അച്യുതന്റെ നടപടി ന്യായീകരിക്കാവുന്നതല്ലെന്നു സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോഴിക്കോട്ട് പി.ആര്‍. നമ്പ്യാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അച്യുതനോടു വിശദീകരണം ആവശ്യപ്പെടുമെന്നും അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്തു തുടങ്ങിയ കേരളത്തിന്റെ സിബിഎസ്ഇ മേഖലാ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിക്കൊപ്പം എം.പി. അച്യുതന്‍ എംപിയും വേദി പങ്കിട്ടത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചടങ്ങുകള്‍ക്കു മാത്രമാണു വിലക്കുള്ളതെന്നും ഈ പരിപാടി സിബിഎസ്ഇ സംഘടിപ്പിച്ചതാണെന്നുമായിരുന്നു ഇതിനോട് എം.പി. അച്യുതന്‍ പ്രതികരിച്ചിരുന്നത്. സിപിഎം എംപിമാരായ എ. സമ്പത്ത്, ടി.എന്‍. സീമ എന്നിവരെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ പങ്കെടുത്തില്ല.