ഡല്‍ഹി ഭരിക്കാന്‍ എഎപി; കേജ്‌രിവാള്‍ മുഖ്യമന്ത്രിയാകും

single-img
23 December 2013

Kejariwalഡല്‍ഹി വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഒരു വയസ് മാത്രം പ്രായമുള്ള ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയുടെ സിംഹാസനത്തിലേക്ക് കയറുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് എഎപി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു. വൈകാതെ തന്നെ ലഫ്. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും കേജ്‌രിവാള്‍ അറിയിച്ചു. രാവിലെ 11-നു കൗശാമ്പിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം. അതേസമയം, ഉച്ചയ്ക്കു ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ. വ്യാഴാഴ്ച ജന്തര്‍മന്ദറിലാണ് സത്യപ്രതിജ്ഞ. മനീഷ് സിസോധിയ, വനിതാ എംഎല്‍എ രാഖി പിള്ള, ബിനോയ് കുമാര്‍ എന്നിവരും എഎപിയുടെ മന്ത്രിമാരാകും.

അതേസമയം, ജനഹിതമനുസരിച്ചെടുത്ത തീരുമാനമാണിതെന്ന് കേജ്‌രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ 128 ജനയോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ 110 യോഗങ്ങളിലും ഉയര്‍ന്നുവന്ന അഭിപ്രായം എഎപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു. കൂടാതെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ലഘുലേഖകളും വിതരണം ചെയ്തിരുന്നു. ഇതിലും അനുകൂലമായ അഭിപ്രായമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.