ആദര്‍ശ് ഫ് ളാറ്റ് അഴിമതി; ഫ്ളാറ്റ്‌ സ്വന്തമാക്കാന്‍ ദേവയാനി ഖൊബ്രഗഡെ നല്‍കിയതും വ്യജവിവരങ്ങളെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്

single-img
21 December 2013

20devyani1അമേരിക്കയില്‍ അറസ്റ്റിലായി വിവാദം സൃഷ്ടിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയും അനര്‍ഹമായി ഫ്‌ളാറ്റ് സ്വന്തമാക്കിയെന്ന് ജുഡീഷ്യല്‍ സമിതി റിപ്പോര്‍ട്ട്. ഫ്‌ളാറ്റ് വാങ്ങുന്നതിന് സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ഉണ്‌ടെന്നാണ് കണ്‌ടെത്തല്‍. ആദര്‍ശ് സൊസൈറ്റിയില്‍ അംഗമാകുന്നതിനാണ് വ്യാജ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 1076 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2301 നമ്പര്‍ ഫ്‌ളാറ്റാണ് ദേവയാനിക്കു ലഭിച്ചത്.

സൊസൈറ്റിയിലെ അംഗത്വം അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും ഫ്‌ളാറ്റ് ലഭിക്കാന്‍ ഇവര്‍ അര്‍ഹയല്ലെന്നാണ് ജുഡീഷ്യല്‍ സമിതി കണ്‌ടെത്തിയത്. ദേവയാനിയുടെ പിതാവ് ഉത്തം ഖൊബ്രഗഡെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായിരുന്നു. മകള്‍ക്കുവേണ്ടിയാണ് സൊസൈറ്റിയില്‍ അംഗത്വം നേടുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതെന്ന് ഉത്തം ഖൊബ്രഗഡെ മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റിന്റെ വില സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. വാര്‍ഷിക വരുമാനം വ്യക്തമാക്കിയതിലും കൃത്രിമം ഉണ്‌ടെന്ന് കണ്‌ടെത്തിയിട്ടുണ്ട്. വാര്‍ഷിക വരുമാനം 1.8 ലക്ഷമാണെന്നാണ് അപേക്ഷയിലുള്ളത്. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങുന്നതിന് 1.10 കോടിയാണ് നല്‍കിയിരിക്കുന്നത്. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.