ഒരു ഇന്ത്യന്‍ പ്രണയകഥ; എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

single-img
20 December 2013

Indian

ഒരു ഇന്ത്യന്‍ പ്രണയകഥ- സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നായകനായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. അതും ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍. രാഷ്ട്രീയം, സത്യന്‍ അന്തിക്കാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സിലേക്ക് ഓടിയെത്തുന്നത് സന്ദേശമെന്ന ചിത്രമായിരിക്കും. ഒരു പൊടിക്കെങ്കിലും അതിന്റെ മണമുണ്ടെന്ന് കരുതി ഓടിച്ചെല്ലുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക: നല്ല മണമുണ്ടെന്ന് കരുതി ബോഡി സ്‌പ്രേ ആരും കുടിക്കാറില്ല.

സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ ജനപ്രിയങ്ങളായത് ആക്ഷേപഹാസ്യാവതരണത്തിലൂടെയാണ്. സമൂഹത്തില്‍ നടക്കുന്ന യാതൊരു പ്രശ്‌നവും സിനിമയെന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ചിത്രങ്ങളാണ് മുമ്പ് ഈ സംവിധായകനില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്നത്. പക്ഷേ അതിനുമപ്പുറം വെളിപ്പെട്ട കിടക്കുന്ന ഒരു സത്യമുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ കാണുന്ന കയ്യൊപ്പ് ഒരു സംവിധാകന്റേതിനേക്കാള്‍ കൂടുതല്‍ പതിഞ്ഞിരിക്കുന്നത് തിരക്കഥാകൃത്തിന്റെതാണെന്ന്. ശ്രീനിവാസനെന്ന തിരക്കഥാകൃത്തിനെ നമ്മള്‍ നമിച്ചുപോകുന്നതവിടെയാണ്.

ഇവിടെ ഈ ഇന്ത്യന്‍ പ്രണയ കഥയില്‍ മികച്ച ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിനെ തന്നെയാണ് സത്യന്‍ അന്തിക്കാടിന് കൂട്ട് കിട്ടിയിരിക്കുന്നത്. പക്ഷേ കഴിഞ്ഞ സിനിമകളില്‍ ആവര്‍ത്തിച്ച അത്ഭുതങ്ങളൊന്നും ഈചിത്രത്തിന്റെ തിരക്കഥയില്‍ ഇക്ബാലിന്കാട്ടന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല സംവിധായകന്‍ തന്റെ കഴിഞ്ഞ ചിത്രമായ പുതിയ തീരങ്ങളില്‍ നിന്നും ഒട്ടും മുേന്നറിയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രണയകഥ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെയായിപ്പോയി.

നാട്ടില്‍ സമുന്നത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ത്ഥന്‍ എന്ന യുവാവിന്റെ കഥയാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. എം.എല്‍.എ സ്ഥാനം സ്വപ്‌നം കണ്ടിരിക്കുന്ന സിദ്ധാര്‍ത്ഥന് അത് നഷ്ടമാകുന്നു. ആ സമയത്താണ് കാനഡിയില്‍ നിന്നും എത്തുന്ന ഐറിന്‍ എന്ന യുവതിയുടെ സഹായിയായി സിദ്ധാര്‍ത്ഥന് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. അനാഥാലയങ്ങളെ പറ്റി ഒരു ഡോക്യൂമെന്ററി ചെയ്യുക എന്ന ഉദ്ദേശത്തോടെ എത്തുന്ന ഐറിന്റെ യഥാര്‍ത്ഥ ലക്ഷ്യം അതല്ല എന്ന് സിദ്ധാര്‍ത്ഥന്‍ ിടയ്ക്ക് മനസ്സിലാക്കുന്നു. ആദ്യം അതിനോട് വിമുഖത ബ്രകടിപ്പിക്കുന്ന സിദ്ധാര്‍ത്ഥന്‍ ഒടുവില്‍ ആ ലക്ഷ്യത്തിലെത്താന്‍ ഐറിനെ സഹായിക്കാമെന്നേല്‍ക്കുന്നു.

കഥയുടെ ആദ്യ വരികള്‍ വായിക്കുമ്പോള്‍തന്നെ പലര്‍ക്കും പല സിനിമകളുടെയും ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇരച്ചെത്തുമെന്നതു തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മ. രാഷ്ട്രീയ രംഗങ്ങളും രാഷ്ട്രീയ പരിഹാസവും നിറഞ്ഞു നില്‍ക്കുന്ന ആദ്യപകുതി കഴിഞ്ഞാല്‍ സത്യന്‍ അന്തിക്കാട് തന്റെ തനിക്കൊണം കാണിച്ചു തുടങ്ങും. മലയാള സിനിമ 85 വര്‍ഷം ആഘോഷിക്കുന്ന ഈ അവസത്തില്‍ പണ്ട് മോഹന്‍ലാലിനെ വച്ച് ടി.പി. ബാലഗോപാലനിലും മറ്റും കളിച്ച അതേ പൈങ്കിളി രംഗങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പായിട്ടും മനസ്സിലാകും: സത്യന്‍ അന്തിക്കാടിന്റ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട.

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രം ഇടക്കാലത്ത് എന്നോ ഇറങ്ങിയതോര്‍ക്കുന്നുണ്ട്. അത് ഇറങ്ങുന്നതിന്റെ അന്നേ ദിവസത്തെ പത്രങ്ങളില്‍ വലിയ പരസ്യവും ഉണ്ടായിരുന്നു. ”ഈ നൂറ്റാണ്ടിലെ 10 ചിത്രങ്ങളെടുത്താല്‍ അതില്‍ ഒന്ന് ഓര്‍ക്കുട്ട് ഒരുഓര്‍മ്മക്കൂട്ടായിരിക്കു”മെന്ന്. പക്ഷേ ഈ ചിത്രമിറങ്ങിയ സമയത്ത് ഓര്‍ക്കുട്ടിനെ തന്നെ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട അവസ്ഥയിലായിരുന്നു സാഹചര്യം. ആ സാഹചര്യം ഡോ. ഇക്ബാലിനെയും സത്യന്‍ അന്തിക്കാടിനെയും സംബന്ധിച്ച് നല്ല സാഹചര്യമായിരുന്നുവെന്നുവേണം കരുതാന്‍. കാരണം അന്ന് ആ ചിത്രം വിജയിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ പ്രണയകഥ ഉണ്ടാകുമായിരുന്നില്ല. (പ്രചോദനം, നേരിയ സാദൃശ്യമെന്നൊക്കെ തരം പോലെ ഈ പ്രവര്‍ത്തിയെ വ്യാഖ്യാനിക്കാം)

സത്യന്‍ അന്തിക്കാട് തന്റെ പഴയ ടീമില്‍ ചിലരെ ഒഴിവാക്കി എന്നുള്ളതാണ് ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുന്ന ആകെയുള്ള വ്യത്യസ്ഥത. അഭിനേതാക്കളെല്ലാം നല്ല നിലവാരം പുകഴ്ത്തി. ഫഹദും അമലാ പോളും നല്ല അഭിനയവും കാഴ്ച വച്ചു. പക്ഷേ ഏച്ചുകെട്ടി മുഴപ്പിച്ചു വച്ചിരിക്കുന്ന തിരക്കഥ പലസ്ഥലത്തും സിനിമയെ വെറും പൈങ്കിളി നിലവാരത്തിലേക്ക് തള്ളി വിടുന്നു. നായകനും നായികയും തമ്മില്‍ പ്രേമം തുടങ്ങുന്നുവെന്ന് പറയുന്ന രംഗങ്ങള്‍ തന്നെ അതിന് നല്ലൊരു ഉദാഹരണമാണ്.

മുപ്പത് വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ കാണിക്കുമ്പോള്‍ സംവിധായകന് കുറച്ചുകൂടിയൊക്കെ ശ്രദ്ധിക്കാം. വെറും അഞ്ചു വര്‍ഷത്തിനകത്തു മാത്രം വന്ന രൂപയുടെ ചിഹ്നം ചുവരില്‍ വരച്ചു വച്ചിരിക്കുന്നത് കാണുന്നവര്‍ക്ക് അത് എന്താണെന്നും എന്നു വന്നതാണെന്നും മനസ്സിലാക്കാനുള്ള വിവരമൊക്കെയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. അങ്ങനെയുള്ളവരെ ഇക്കാലത്ത് സിനിമയൊക്കെ കാണാന്‍ വരുകയുള്ളൂ.

സത്യന്‍ അന്തിക്കാടിനക്കുറിച്ച് മിക്കപ്പോഴും കേള്‍ക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഗ്രാമീണ പ്രേമം. പുഴയും വയലും കുളവും നാട്ടിന്‍പുറത്തെ റോഡുമൊക്കെ അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളാണെന്ന് മിക്ക ചിത്രങ്ങളും കണ്ടാല്‍ മനസ്സിലാകും. എന്നാല്‍ താനും ന്യൂ ജനറേഷനൊപ്പം സഞ്ചരിച്ചു തുടങ്ങിയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താനാണെന്നു തോന്നുന്നു ഇത്തവണ ക്യാമറയുമെടുത്ത് രാജസ്ഥാനിലേക്ക് പോയത്. പച്ചപ്പ് മാത്രമല്ല മണലിന്റെ മഞ്ഞയും തനിക്ക് കാണിക്കാനറിയാമെന്ന് ആരോടോ വാശി തീര്‍ക്കും പോയൊയിപ്പോയി അത്.

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് കാണാത്തവര്‍ക്ക് സത്യന്‍ അന്തിക്കാടിന്റെ ഇപ്പോഴത്തെ അവസ്ഥയോട് സഹതാപമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കാം.