ദേവയാനിയുടെ അറസ്റ്റിനു പിന്നിലെ ദുരൂഹതകൾ മുറുകുന്നു.

single-img
20 December 2013

ദില്ലി:അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായ ദേവയാനി ഖോബ്രഗഡേയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ ദിനംതോറും ഏറുകയാണു. ദേവയാനിക്കെതിരെ കേസ് കൊടുത്ത വീട്ടു ജോലിക്കാരി സംഗീത റിച്ചാർഡ് മലയാളിയാണെന്നു റിപ്പോര്‍ട്ട്. വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡാണു അമേരിക്കന്‍ പോലീസില്‍ പരാതി നല്‍കിയത്. 42 കാരിയായ സംഗീത മലയാളിയാണെന്ന കാര്യം ഇന്ത്യന്‍ എക്‌സപ്രസ് പത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിദേശത്ത് ജോലി ചെയ്യാന്‍ ഏറെ താത്പര്യമുള്ള സ്ത്രീ ആയിരുന്നു ഇവരെന്നും സംഗീതയുടെ ഭര്‍ത്താവിന്റെ അമ്മയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 വര്‍ഷം മുമ്പാണ് സംഗീത ദില്ലിയില്‍ വച്ച് ഫിലിപ്പ് റിച്ചാര്‍ഡിനെ വിവാഹം കഴിച്ചത്. അന്ന് കുടുംബത്തോടൊപ്പം ഗാസിയാബാദിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വീട് വിട്ട് ഇറങ്ങിയ സംഗീത ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ തിരിച്ച് വരികയായിരുന്നുവത്രെ. ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്തതിനാലായിരുന്നു ഇറങ്ങിപ്പോക്കെന്നും ഫിലിപ്പിന്റെ അമ്മ പറയുന്നു. പിന്നീട് ഇവർ ഫത്തേപ്പൂര്‍ ബേരിയിലേക്ക് താമസം മാറി. ഈ വീട് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഭര്‍ത്താവ് ഫിലിപ്പ് അല്‍പ ദിവസം മുമ്പ് അമേരിക്കയിലേക്ക് പോയി. ഇയാള്‍ മൊസാംബിക് എംബസിയിലെ ഡ്രൈവര്‍ ആയിരുന്നു. സംഗീതയുടെ സുഹൃത്തായ രാധയാണ് ദേവയാനിക്ക് സംഗീതയെ പരിചയപ്പെടുത്തി കൊടുത്തത്. രാധ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഒരു നയതന്ത്രജ്ഞന്റെ വീട്ടു ജോലക്കാരിയാണ്.