ദേവയാനി ഖോബ്രഗഡെ; വീട്ടുജോലിക്കാരിയുടെ കത്ത് പുറത്തുവന്നു. പിന്നാലെ സീറ്റ് വാഗ്ദാനവും

single-img
20 December 2013

Devayaniഅമേരിക്കയില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയുടെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡ് അയച്ച കത്ത് പുറത്ത്. ദേവയാനിയുടെ സഹോദരിയാണ് തന്റെ കുടുംബത്തിനയച്ച കത്ത് പുറത്തുവിട്ടിരിക്കുന്നത്. ദേവയാനിയുടെ കുടുംബം തന്നോട് വളരെ മാന്യമായാണ് പെരുമാറുന്നതെന്നാണ് സംഗീത കത്തില്‍ എഴുതിയിരിക്കുന്നത്. ദേവയാനിയുടെ കുടുംബത്തോടൊപ്പം താന്‍ സന്തോഷവതിയാണെന്നും കുടുംബത്തിലെ ഒരംഗത്തേപ്പോലെ തന്നെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു. വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിനോട് മോശമായാണ് ദേവയാനിയും കുടുംബവും പെരുമാറിയിരുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇതിനിടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദേവയാനി ഖോബ്രഗഡെയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ക്ഷണം. മുതിര്‍ന്ന നേതാവും യുപിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുമായ അസം ഖാനാണ് റാംപൂരില്‍ നിന്ന് മത്സരിക്കാന്‍ ദേവയാനിക്ക് സീറ്റ് നല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജോലി രാജി വച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. സീറ്റ് നല്‍കാന്‍ സമാജ്‌വാദി പാര്‍ട്ടി തയാറാണ്. ഇക്കാര്യം എസ്പി നേതാവ് മുലായം സിംഗ് യാദവിനോട് താന്‍ ആവശ്യപ്പെടാമെന്നും അസം ഖാന്‍ പറഞ്ഞു. അസം ഖാന്റെ തട്ടകമായ റാംപൂര്‍ മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ജയപ്രദയാണ്.