ഒടുവിൽ അച്ഛനെത്തി പിഞ്ചു മകന്റെ ശവശരീരം കാണാൻ

single-img
20 December 2013

ഡല്‍ഹി : ടോഗോയില്‍ തടവിലായിരുന്ന മലയാളി നാവികരായ സുനില്‍ ജെയിംസും വിജയനും ഇന്ത്യയില്‍ തിരിച്ചെത്തി. രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സുനില്‍ മുംബൈയിലേക്കും വിജയന്‍ കൊച്ചിയിലേക്കും യാത്ര തിരിച്ചിട്ടുണ്ട്.

കൂപ്പര്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന 11 മാസം പ്രായമുള്ള മകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് സുനില്‍ മുംബൈയിലേക്ക് പോയത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ പോരാട്ടമായിരുന്നു സുനിലിന്റെ ഭാര്യ അദിതിയുടെത്. സുനില്‍ തിരികെയെത്താതെ അന്തിമ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഭാര്യ അദീതി. ഒടുവിൽ സ്ഥലം എം.പി. സഞ്ജയ് നിരുപം ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് മോചനപാത തുറന്നത്. അദിതി പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം ജോയന്‍റ് സെക്രട്ടറിയെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്. അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയിലെ ലോമില്‍ അടുപ്പിച്ചു. കപ്പല്‍ ഉടമകളുടെ നിര്‍ദേശപ്രകാരം അനുമതിയോടെയാണ് കപ്പല്‍ അടുപ്പിച്ചത്. എന്നിട്ടും കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തി സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെയും തടവിലാക്കുകയാണുണ്ടായത്.