ദൃശ്യം പുതുമയുള്ളത്

single-img
19 December 2013

 

മെമ്മറീസ് എന്ന ക്രൈം ത്രില്ലറിന് ശേഷം ജിത്തു ജോസഫ് ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടി എന്ന ഒരു തനി മലയോര കര്‍ഷകന്റെ കഥപറയുന്ന ദൃശ്യം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഖ്യാന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

കുറ്റം ചെയ്ത വ്യക്തിയെ കണ്ടെത്തുക എന്നുള്ളതാണ് മെമ്മറീസിന്റെ പ്രമേയമെങ്കില്‍ കുറ്റം ചെയ്യുന്നത് ആദ്യമേ കാണിക്കുകയും അതിനു ശേഷം വിദഗ്ദമായ രീതിയില്‍ അത് മുഖ്യധാരയില്‍ നിന്നും മറയ്ക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിന്റെ ഇതിവൃത്തം. കുറ്റം ചെയ്യുന്നതും അതു ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നത് നമ്മുടെ രീതിക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും സാഹചര്യം മൂലമുണ്ടായ ആ പ്രശ്‌നം ആ രീതിയില്‍ പരിഹരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ചിത്രം സൂചന തരുന്നു.

ജിത്തുജോസഫിന്റെ പതിവു സ്‌റ്റൈലില്‍ തന്നെയാണ് ദൃശ്യം പുരോഗമിക്കുന്നത്. തന്റെ മറ്റുള്ള ചിത്രങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി അന്വേഷണത്തിന്റെ മാനസിക നിലവാരത്തിനാണ് ജിത്തു ഈ ചിത്രത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. സാധാരണ രീതിയില്‍ കുറ്റം ചെയ്തവരെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ അതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നുള്ള സിദ്ധാന്തം ഇതിനു മുമ്പ് ആും മലയാള ചിത്രത്തില്‍ ചെയ്തിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കഴിവ് ഒരിക്കല്‍ക്കൂടി ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് മുന്നില്‍ അനാവൃതമാകുകയാണ്. തനി ഒരുഗ്രാമീണനായി പ്ലസ് 2 കാരി ഉള്‍പ്പെടെ രണ്ടു കുട്ടികളുടെ അച്ഛനായി മോഹന്‍ലാല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. വിവാഹ ഇടവേളയ്ക്കു ശേഷം മീന ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സിനിമയില്‍ ശരിക്കും അത്ഭുതപ്പെടുത്തിയ കഥാപാത്രം കലാഭവന്‍ ഷാജോണിന്റെ സഹദേവന്‍ എന്ന പോലീസുകാരനാണ്. ക്രൂരത കൈമുതാലായുള്ള നാട്ടിന്‍പുറം പോലീസിനെ ഷാജോണ്‍ ജീവന്‍കൊടുത്തു ഭംഗിയാക്കി. മറ്റു താരങ്ങളും മോശമാക്കിയിട്ടില്ല. എല്ലാവര്‍ക്കും ഇണങ്ങുന്ന വേഷങ്ങള്‍ കൊടുത്ത് തന്റെ സിനിമയെ സമ്പന്നമാക്കാന്‍ ജിത്തുജോസഫ് മുന്‍കൈയെടുത്തിരിക്കുന്നു.

ഇടവേളയ്ക്കു മുമ്പുള്ള ചില രംഗങ്ങള്‍ അനാവശ്യമാണെന്നുള്ള തോന്നല്‍ ഉളവാക്കുമ്പോള്‍ ഇടവേളയ്ക്കുശേഷം ആ രംഗങ്ങളായിരുന്നു സിനിമയുടെ കാതലെന്ന് എടുത്തുപറയുന്ന ജിത്തു മാജിക് ഒരിക്കല്‍കൂടി ദൃശ്യത്തിലൂടെ ആവര്‍ത്തിക്കുന്നു. 2013 ന്റെ അവസാനം നല്ലൊരുചിത്രം കണ്ടതായി എല്ലാ പ്രേക്ഷകരും ദൃശ്യത്തിലൂടെ വിധിയെഴുതുമെന്ന് ഉറപ്പാണ്.

vtracks