ബാങ്കു ജീവനക്കാരുടെ രാജ്യവ്യാപകമായി പണിമുടക്കുന്നു

single-img
18 December 2013

കൊച്ചി: ‘ശമ്പള കരാര്‍ പുതുക്കുക, കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാതിരിക്കുക, പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്രസര്‍കാര്‍ ഓഹരിവിറ്റഴിക്കുന്നത് അവസാനിപ്പിക്കുക‘ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ ഇന്നു പണിമുടക്കുന്നു.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്കാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ഇതിൽ എല്ലാ യൂണിയനുകളും ഉൾപ്പെടുന്നു.
ജില്ലാ കേന്ദ്രങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണയും പ്രകടനവും നടത്തുന്നുണ്ട് എങ്കിലും പുതുതലമുറ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. 2012 ഒക്ടോബര്‍ 31ന് ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതേ തുടർന്നു വിവിധ സംഘടനകള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബാങ്ക്‌സിന് അവകാശ പത്രം സമര്‍പ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല എന്നാണു സമരക്കാരുടെ ആരോപണം. 30 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആറ് തവണ ചര്‍ച്ച നടത്തിയ ശേഷം അഞ്ച് ശതമാനം മാത്രമാണ് വാഗ്ദാനം ചെയ്തത്. ബാങ്കുകളുടെ ആദായം കുറഞ്ഞുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബാങ്ക്‌സ് ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ജീവനക്കാര്‍ സമരത്തിനാഹ്വാനം ചെയ്തത്. കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ പുനക്രമീകരിച്ചും എഴുതിത്തള്ളിയും ബാങ്കുകള്‍ കോടികള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. എന്നാല്‍ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഇങ്ങനെ പിശുക്കുകാണിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.