അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് പിന്തുണ: എഎപി ജനാഭിപ്രായം തേടുന്നു

single-img
18 December 2013

AAM_AADMI_PARTY_RA_1280207fനിയമസഭ ഇലക്ഷന് ശേഷം ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി ജനാഭിപ്രായം തേടാന്‍ ഒരുങ്ങുന്നു. ഒരു ലക്ഷത്തോളം കത്തുകള്‍ ഡല്‍ഹിയില്‍ വിതരണം ചെയ്താണ് അവരുടെ അഭിപ്രായം തേടുന്നത്. ഏത് സാഹചര്യത്തിലാണ് അഭിപ്രായം തേടുന്നതെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് എഎപി സര്‍ക്കാര്‍ രൂപീകരിക്കണോ എന്നതില്‍ അഭിപ്രായം രേഖപ്പെടുത്തുക എന്നും കത്തില്‍ പറയുന്നുണ്ട്.

ഇതു കൂടാതെ 08806110335 എന്ന നമ്പരിലേക്ക് യെസ്/നോ എന്ന് എസ്എംഎസ് ചെയ്യാനും സൗകര്യമുണ്ട്. എഎപിയുടെ aamaadmiparty.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫെയ്‌സ്ബുക്ക് പേജിലും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.

ജനാഭിപ്രായം അറിയുന്നതിനായി ഡല്‍ഹിയിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും ജനസഭകള്‍ ചേരുമെന്നും പാര്‍ട്ടി അധ്യക്ഷന്‍അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഞായറാഴ്ചയോടെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയാകുമെന്നും അതിനുശേഷം ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കണ്ട് വിഷയം സംബന്ധിച്ച അന്തിമ നിലപാട് അറിയിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.