പട്ടേല്‍ പ്രതിമ; വിലക്ക് പി.സി ക്ക് മാത്രമേയുള്ളോ? ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും യു.ഡി.എഫിലല്ലേ? കൂടിക്കാഴ്ച ചിത്രങ്ങള്‍ പുറത്ത്

single-img
17 December 2013

Gujaratകഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനം സംസാരിച്ച പ്രധാന രാഷ്ട്രീയ സംഭവം പി.സി. ജോര്‍ജിന്റെ ബി.ജെ.പി പരിപാടിയുടെ ദ്ഘാടനമായിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ സകല കോണ്‍ഗ്രസുകാരും പ്രസ്താവനകളുമായി പി.സിയെ ആക്രമിച്ചു. പക്ഷേ അവരെല്ലാം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയതിന് തെളിവുകള്‍ പറുത്തുവന്നിരിക്കുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ഗുജറാത്ത് സംഘത്തെ അനുഗമിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനാണ്.

മോഡിയുടെ പ്രതിമ നിര്‍മ്മാണ പരിപാടിയുമായി സഹകരിക്കരുതെന്ന എഐസിസി നിര്‍ദ്ദേശം മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് പ്രതിനിധികളെ കണ്ടത്. ഗുജറാത്ത് കൃഷി മന്ത്രി ബാബു ഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമാ നിര്‍മാണത്തിനുള്ള വിഭവ സമാഹാരണത്തിനായി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയത്. ബുധനാഴ്ച ഇവര്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി അദ്ദേഹത്തെ കാണുകയും പട്ടേല്‍ പ്രതിമയുടെ പരസ്യ ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു. അപ്പോഴൊന്നും ഉണ്ടാകാത്ത വിവാദമാണ് പി.സിയുടെ കാര്യത്തില്‍ പൊട്ടിപുറപ്പെട്ടത്.