ഗുജറാത്തില്‍ എ.എ.പിയുടെ ചൂല്‍യാത്ര

single-img
17 December 2013

AAPവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സംസ്ഥാനത്ത് ജനുവരി 26 മുതല്‍ ചൂല്‍ യാത്ര നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതി ഈ യാത്രയിലൂടെ ലോകത്തിനു മുന്നില്‍ വെളിപ്പെടുമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ മാലിന്യം തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം ദിനേഷ് വഗേല പറഞ്ഞു.

കഴിഞ്ഞ ദിവസം സമാപിച്ച എഎപിയുടെ സംസ്ഥാന നിര്‍വാഹക സമിതിയാണ് ചൂല്‍ യാത്ര നടത്താന്‍ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ഗുജറാത്തില്‍ അയ്യായിരത്തിലധികം സജീവ പ്രവര്‍ത്തകര്‍ എഎപിക്ക് ഉണ്ടായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു ശേഷം സംസ്ഥാനത്തെ പാര്‍ട്ടി അംഗത്വം 17,000 ആയി ഉയര്‍ന്നതായും വഗേല പറഞ്ഞു.