രാജ്യം നടുങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

single-img
16 December 2013

delhigangrapeഒരു വര്‍ഷം മുമ്പ് ഇതേ മാസം ഇതേ തീയതി ഇരുട്ടി വെളുത്തപ്പോള്‍ ഇന്ത്യ ഒന്നു നടുങ്ങി. അതിന്റെ അലയൊലികള്‍ രാജ്യത്താകമാനം പടര്‍ന്നുപിടിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ മഹത്തായ ഭാരത സംസ്‌കാരത്തിന്റെ തല കുമ്പിട്ടു.

രാജ്യതലസ്ഥാനത്ത് രാജ്യത്തിന്റെ മാനം കെടുത്തിയ കൂട്ടമാനഭംഗം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. തെക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഇരുപത്തിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചു.

സ്വതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ടിട്ടില്ലാത്തതരം പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം പിന്നീട് സാക്ഷ്യം വഹിച്ചത്. ഇന്ന് ഒരുവര്‍ഷം തികയുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന മകാണ്‍ഗ്രസ് സര്‍ക്കാര്‍ ദയനീയ പരാജയമടഞ്ഞ് ബാരക്കില്‍ ഒതുങ്ങിയതും ഈ സംഭവത്തിന്റെ തുടര്‍ക്കഥയാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്നും തുടരുകയാണെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1500 കൂട്ടമാനഭംഗം കേസുകളാണ് ഡല്‍ഹിയില്‍ത്തന്നെ 2013 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂട്ടമാനഭംഗം നടത്തിയ ആറ് പ്രതികളില്‍ നാല് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയായില്ലെന്ന ആനുകൂല്യത്തില്‍ ഇളവ് നേടി ഭാവിജീവിതം നയിക്കുവാനുള്ള തയ്യാറെടുപ്പില്‍. ഒരാള്‍ ജയിലില്‍ സ്വയം ജീവനൊടുക്കി.