നിസാര്‍ ചോമയിലിനെ ആദരിച്ചു

single-img
14 December 2013

ദോഹ. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവ സംരംഭകനും ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ ചോമയിലിനെ മീഡിയ പ്ലസ് ആദരിച്ചു.

കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശഌഘനീയമാണെന്നും എല്ലാ സംരംഭകര്‍ക്കും മാതൃകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളും ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളാണ്. ഇത്തരം സംരംഭകരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത് കൂടുതല്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പ്രോല്‍സാഹനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാനും സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പാതയില്‍ തന്നാലാവുന്ന പങ്കാളിത്തം വഹിക്കുവാനും കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും നിസാര്‍ ചോമയില്‍ പറഞ്ഞു.
പ്രശസ്ത മാന്ത്രികനും ആക്ട് ഫോര്‍ ഹ്യൂമാനിറ്റി എന്ന സംഘടനുയടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫസര്‍ ആര്‍.കെ. മലയത്ത് നിസാറിന് ഉപഹാരം കൈമാറി. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി സംസാരിച്ചു.