താരം കിം കി ഡൂക്ക് തന്നെ

single-img
12 December 2013

kimkiഒടുവില്‍ മലയാളിസിനിമ പ്രേമികളുടെ ഇഷ്ടന്‍ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്ക് കേരളത്തിലെത്തി. ഇന്ത്യയില്‍ ഈ കലാകാരന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രദേശമാണ് കേരളം. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായെത്തിയ കിം തലസ്ഥാനത്ത് എത്തിയതുമുതല്‍ അദ്ദേഹം ആരാധകരുടെ നടുവിലാണ്.
കേരളത്തെക്കുറിച്ചോ കേരളത്തില്‍ ഇത്രയും അധികം ആരാധകരുണ്ടെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയപ്പോഴാണ് കേരളത്തെക്കുറിച്ച് കേട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എത്താന്‍ വൈകിയതില്‍ വിഷമമുണ്ട്. 2005ലെ കേരള ചലച്ചിത്രോത്സവത്തില്‍ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് എത്താന്‍ സാധിക്കാത്തതില്‍ അദ്ദേഹം പശ്ചാത്തപിച്ചു.

തന്റെ സിനിമകളെ കുറിച്ചു പറയുകയാണെങ്കില്‍ വയലന്‍സും ഒരുതരത്തില്‍ കലയാണെന്നും, മനുഷ്യജീവിതത്തിന്റെ രഹസ്യങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ഇമേജ് എന്നനിലയിലാണ് വയലന്‍സിനെ സിനിമകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിനിമകളിലധികവും കിമ്മിന്റെ ജീവിത അനുഭവങ്ങളും താന്‍ കണ്ടതും പരിചയപ്പെട്ടതുമായ ലോകവും ജീവികളും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണകൊറിയയില്‍ നിരോധിച്ച കിമ്മിന്റെ പുതിയ ചിത്രം മോബിയാസ് ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.