കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം: മൂന്നു സൈനിക ഉദ്യോഗസ്ഥരെ വെറുതെവിട്ടു

single-img
12 December 2013

kargilകാര്‍ഗില്‍ യുദ്ധസമയത്തു നടന്ന ശവപ്പെട്ടി കുംഭകോണം സംബന്ധിച്ച കേസില്‍ മൂന്നു സൈനിക ഉദ്യോഗസ്ഥരെ തെളിവുകളുടെ അഭാവത്തില്‍ ഡല്‍ഹി കോടതി വെറുതേവിട്ടു. റിട്ട. മേജര്‍ ജനറല്‍ അരുണ്‍ റോയി, റിട്ട. കേണല്‍ എസ്.കെ. മാലിക്, എഫ്.ബി. സിംഗ് എന്നിവരെയാണ് സിബിഐ പ്രത്യേക ജഡ്ജി പൂനം ബംബ വെറുതേവിട്ടത്. അമേരിക്കന്‍ പൗരന്‍ വിക്ടര്‍ ബൈസ ഉള്‍പ്പെടെ നാലുപേരെ പ്രതികളാക്കി 2009 ലാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിക്ടര്‍ ബൈസയായിരുന്നു ശവപ്പെട്ടികളുടെ ഇടനിലക്കാരന്‍. ബൈസ കോടതിയില്‍ ഹാജരായിട്ടില്ല. കാര്‍ഗില്‍ യുദ്ധകാലത്തു സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അമേരിക്കയില്‍നിന്നു ഗുണമേന്മ കുറഞ്ഞ അലുമിനിയം പെട്ടികള്‍ കൊണ്ടുവന്നതില്‍ വ്യാപക അഴിമതി നടന്നുവെന്നായിരുന്നു സിബിഐയുടെ കണെ്ടത്തല്‍. ആരോപണമുയര്‍ന്നിട്ടും അന്നു പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സിബിഐ പ്രതിചേര്‍ത്തില്ല. പ്രതികള്‍ക്കു ബൈസയുമായി ബന്ധമുണെ്ടന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ സിബിഐയുടെ പക്കലില്ലായിരുന്നു.