പോലീസ് നീക്കിയ പാര്‍ട്ടിബോര്‍ഡ് പുനഃസ്ഥാപിച്ചു ജയരാജന്റെ വെല്ലുവിളി

single-img
12 December 2013

11tvkrmvjayarajan_G_655079eപോലീസ് അഴിച്ചുമാറ്റിയ പ്രചാരണ ബോര്‍ഡ് പോലീസ് ക്ലബ്ബിനു മുന്നില്‍ വീണ്ടും സ്ഥാപിച്ചു സിപിഎമ്മിന്റെ വെല്ലുവിളി. ഇന്നലെ രാവിലെ എല്‍ഡിഎഫിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്റെ നേതൃത്വത്തിലാണു ബോര്‍ഡ് പുനഃസ്ഥാപിച്ചത്.

ഇനി ബോര്‍ഡ് നീക്കം ചെയ്താല്‍ നീക്കുന്ന പോലീസുകാരന്റെ ഓഫീസ് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുമെന്ന മുന്നറിയിപ്പും ജയരാജന്‍ പരസ്യമായി നല്‍കി. കണ്ണൂരില്‍ 17ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കെതിരായുള്ള ബോര്‍ഡാണു പോലീസ് ക്ലബ്ബിനു മുന്നില്‍ സിപിഎം സ്ഥാപിച്ചിരുന്നത്.

ഈ മാസം ആദ്യം പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതത്തിലേക്കു നയിച്ചതു പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കപ്പെട്ട സംഭവമായിരുന്നു. പാര്‍ട്ടിക്കാരുടെ പ്രചാരണ സാമഗ്രികള്‍ നീക്കംചെയ്യുന്ന പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ എല്‍ഡിഎഫിന്റെ എസ്പി ഓഫീസ് മാര്‍ച്ച്. കണ്ണൂര്‍ നഗരത്തില്‍നിന്നു യൂത്ത് കോണ്‍ഗ്രസിന്റെ ബോര്‍ഡുകളും പോലീസ് മാറ്റിയിരുന്നു. ഇതിനെതിരേ കെ. സുധാകരന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആഭ്യന്തരമന്ത്രിക്കെതിരേ പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.