നെല്‍സണ്‍ മണ്ഡേലയ്ക്കു ലോകത്തിന്റെ ആദരം

single-img
11 December 2013

Pranabഅന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍ സണ്‍ മണ്ഡേലയ്ക്കു വിടചൊല്ലാന്‍ ലോകം ജൊഹാന്നസ്ബര്‍ഗില്‍ ഒന്നിച്ചു. വെളുത്തവരെയും കറുത്തവരെയും തുല്യരാക്കിയ പോരാളി മഹാത്മാഗാന്ധിക്കു സമനാണെ ന്നു ലോകനേതാക്കള്‍ അനുസ്മരിച്ചു. സൊവേറ്റോയിലെ എഫ് എന്‍ ബി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഔദ്യോഗിക അനുസ്മരണച്ചടങ്ങില്‍ നൂറോളം ലോകനേതാക്കള്‍ പങ്കെടുത്തു. മണ്ഡേലയുടെ ആത്മശാന്തിക്കായി നടന്ന സര്‍വമത പ്രാര്‍ഥനയില്‍ സംസ്‌കൃതശ്ലോകങ്ങള്‍ ഉയര്‍ന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തെ പ്രചോദിപ്പിച്ച പാട്ടുകള്‍ ഒരിക്കല്‍ക്കൂടി പാടി.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷനേതാവ് സുഷമ സ്വരാജും അടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണു നയിച്ചത്. സ്റ്റേഡിയത്തിലെ ജനക്കൂട്ടം പ്രണാബിനെ വന്‍ ആരവത്തോടെ സ്വീകരിച്ചു. മാറ്റാനാവാത്ത സാമൂഹിക-സാമ്പത്തിക മാറ്റത്തിന്റെ പ്രതീകമാണ് മണ്ഡേലയെന്നു രാഷ്ട്രപതി അനുസ്മരിച്ചു. ഗാന്ധിജി തന്റെ പോരാട്ടവും തൊഴിലും ആരംഭിച്ചത് ഇവിടെനിന്നാണെന്നു ചൂണ്ടിക്കാട്ടിയ പ്രണാബ്, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുപറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പ്രഥമ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റായിരുന്ന മണ്ഡേലയെ അമേരിക്കയിലെ പ്രഥമ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റ് ബറാക് ഒബാമ, ചരിത്രത്തിലെ അതികായകനെന്നു വിശേഷിപ്പിച്ചു. മണ്ഡേലയുടെ മഹാത്മ്യം ഗാന്ധിജിക്കു തുല്യമാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നൂറ്റാണ്ടിലെ മഹാനായ മനുഷ്യസ്‌നേഹി. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പിന്‍ചെല്ലേണ്ട ഉദാഹരണങ്ങളാണ്- പുടിന്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡേലയുടെ ഭാര്യ ഗ്രാസ, മുന്‍ ഭാര്യ വിന്നി, മക്കളും ചെറുമക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍, പ്രസിഡന്റ് ജേക്കബ് സുമ, യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണ്‍, റോബര്‍ട്ട് മുഗാബെ അടക്കമുള്ള ആഫ്രിക്കന്‍ നേതാക്കള്‍, മണ്ഡേലയ്‌ക്കൊപ്പം സമാധാന നൊബേല്‍ പങ്കിട്ട ദക്ഷിണാഫ്രിക്കയിലെ അവസാന വെളുത്തവര്‍ഗക്കാരന്‍ പ്രസിഡന്റ് എഫ്.ഡബ്ല്യു.ഡി. ക്ലര്‍ക്ക്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചാവോ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മുന്‍ ഭരണനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.