ആം ആദ്മി എം.എൽ.എക്ക് എതിരെ പീഡന ശ്രമത്തിനു കേസ്

single-img
10 December 2013

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അസാധാരണ മുന്നേറ്റത്തിനിടെ സീമാപുരിയില്‍ നിന്നും ജയിച്ച ധര്‍മ്മേന്ദ്ര കോലിക്കെതിരെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കേസ് .ധര്‍മ്മേന്ദ്ര കോലൊയോട് മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് വീര്‍ സിങ് ധിങ്കന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് വീര്‍ സിങ് ആരോപിക്കുന്നത്.

തുറന്നജീപ്പിലായിരുന്നു ആഹ്ലാദപ്രകടനമെന്നും തനിക്ക് ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ധര്‍മ്മേന്ദ്ര കോലി പറയുന്നു. അങ്ങനെയിരിക്കെ താന്‍ എങ്ങനെ ഇങ്ങനെയൊരു കുറ്റംചെയ്യുമെന്ന് കോലി ചോദിക്കുന്നു. തനിക്കെതിരെ വ്യാജപരാതി നല്‍കിയതിന് മാനനഷ്ടത്തിന് കേസ്‌കൊടുക്കുമെന്നും കോലി പറഞ്ഞു.

പാര്‍ട്ടിയുടെയും ,കോലിയുടെയും പ്രതിഛായ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരാതിയെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.ആരോപണത്തില്‍ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

സീമാപുരയില്‍ ധര്‍മ്മേന്ദ്ര കോലിയുടെ സഹോദരിയെയാണ് ആദ്യം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. അരവിന്ദ് കെജ്‌രിവാളിന്റെ എന്‍.ജി.ഒയില്‍ പ്രവര്‍ത്തിച്ചിരുന്നു സന്തോഷ് കോലി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ റോഡപകടത്തില്‍ അവര്‍ കൊല്ലപ്പെട്ടു.

സന്തോഷ് കോലിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കെജ്‌രിവാളിന്റെ പാര്‍ട്ടി പരാതി നല്‍കിയിരുന്നു. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന്സഹോദരനെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.