ജനം ഭരണത്തിൽ നിരാശർ:സോണിയ

single-img
10 December 2013

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേരിട്ട പരജയം അംഗീകരിക്കുന്നെന്നും ജനങ്ങള്‍ ഭരണത്തില്‍ നിരാശരാണെന്നതിന്റെ തെളിവാണിതെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.തുടരെയുള്ള പരാജയങ്ങളില്‍ പാര്‍ട്ടിക്കു നിരാശയുണ്ട്‌. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പാര്‍ട്ടിയെ കൂടുതല്‍ സജ്‌ജമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ്‌ സോണിയ കോണ്‍ഗ്രസ്‌ ആസ്‌ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്‌.തുടര്‍ന്ന് ഇരുവരും വിജയികളെ അഭിനന്ദിച്ചശേഷ മാണ് മടങ്ങിയത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതടക്കം നിരവധി കാരണങ്ങള്‍ തോല്‍വിക്കു പിന്നിലുണ്ടെന്നു സോണിയ വിലയിരുത്തി. സംസ്‌ഥാന തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും വ്യത്യസ്‌തമാണ്‌. സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ നേതാക്കന്മാര്‍ക്ക്‌ ജനങ്ങള്‍ മന്‍തൂക്കം നല്‍കും. എന്നാല്‍, ദേശീയതലത്തില്‍ അങ്ങനെയല്ല ഭരിക്കാന്‍ ശേഷിയുള്ളവരെയാണ്‌ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ചയക്കുക. ബി.ജെ.പി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സ്‌ഥിതിക്ക്‌ ആരായിരിക്കും കോണ്‍ഗ്രസ്‌ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌,അത് പിന്നാലെ അറിയിക്കും എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് രാഹുല്‍ഗാന്ധിയായിരിക്കുമോ സ്‌ഥാനാര്‍ഥിയെന്ന ചോദ്യത്തിനു മറുപടി പറയാന്‍ വിമുഖത കാട്ടിയ സോണിയ, പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കുമെന്നു അറിയിച്ചു.
ജനങ്ങള്‍ ഞങ്ങള്‍ക്കു മുന്നറിയിപ്പു ഞങ്ങള്‍ കേട്ടു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സാധാരണക്കാര്‍ക്കിടയില്‍ ഇടംകണ്ടെത്താന്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..