ചിത്രം മത്സരയിനമാണ്. ഈ നില്‍ക്കുന്നത് ജൂറിയാണ്. ആരെങ്കിലും ഒരു സീറ്റു തരണേ… പ്ലീസ്

single-img
8 December 2013

മേളയുടെ രണ്ടാം ദിനം കൈരളിയുടെ മുന്നില്‍ അകത്തേക്ക് പ്രവേശിക്കാന്‍ അതി രാവിലെ തന്നെ നീണ്ട വരി ഉണ്ടായിരുന്നു. വളരെ അര്‍പ്പണബോധത്തോടെയുള്ള ഡെലിഗേറ്റ്‌സിന്റെ ആ കാത്തുനില്പ്പ് ഒന്നു കാണേണ്ടത് തന്നെയാണ്.

രാവിലത്തെ പ്രദര്‍ശനത്തിനു മുമ്പാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഓണ്‍ലൈന്‍ വഴി സീറ്റ് റിസര്‍വ് ചെയ്ത ഏതോ ഡെലിഗേറ്റന്‍ ഗേറ്റു കടന്നെത്തിയപ്പോള്‍ ഇരിക്കാന്‍ സീറ്റില്ല. പിന്നെ ഞാനെന്തിനാ റിസര്‍വ്വ് ചെയ്തു വന്നതെന്ന് ദേഷ്യത്തോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് സംഘാടകര്‍ക്ക് മറുപടിയുമില്ല. എന്തോ എങ്ങനെയോ, ഉച്ചയ്ക്കു ശേഷമുള്ള പ്രദര്‍ശനവും കഴിഞ്ഞ് ചായയും കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഫോണില്‍ മെസേജ് വന്നു: ചലച്ചിത്രോത്സവത്തില്‍ ബാല്‍ക്കണിയില്ലാത്ത തിയേറ്ററുകളില്‍ ഇനി മുതല്‍ സീറ്റ് റിസര്‍വ്വേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പറഞ്ഞ്… നല്ലകാര്യം.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാളം സിനിമയായ 101 ചോദ്യങ്ങള്‍ക്ക് വന്‍ ഓഡിയന്‍സ് ആയിരുന്നു. ചിത്രത്തിന്റെ സംവിധായകാന്‍ സിദ്ധാര്‍ഥ് ശിവയും സിനിമ കാണാനെത്തിയിരുന്നു. വലിയ ആള്‍ക്കൂട്ടം കണ്ട് സിദ്ധാര്‍ത്ഥിന്റെ കണ്ണു നിറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഈ കൊച്ചു ചിത്രം ഒരു പത്തു സെന്ററില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ എനിക്ക് ആ തിയേറ്റര്‍ ഓര്‍മ്മവരുമെന്ന അദ്ദേഹത്തിന്റെ കമന്റ് സദസ്സില്‍ കയ്യടിയുയര്‍ത്തി.

പരിചയപ്പെടലും മറ്റും കഴിഞ്ഞ് ഒരു മൂന്നുനാലുപേര്‍ സ്‌ക്രീനിനു മുന്നില്‍ എന്തിനോ വേണ്ടി യാചിക്കും പോലെ നില്‍ക്കുന്നുണ്ടായിരുന്നു. നിര്‍മ്മാതാവ് കല്ലിയൂര്‍ ശശിയാണ് അതാരൊക്കെയാണെന്ന് വെളിപ്പെടുത്തിയത്. ഇത് ഒരു മത്സര ചിത്രമാണ്. ഈ നില്‍ക്കുന്നത് ചിത്രത്തിന് മാര്‍ക്കിടാന്‍ വന്ന ജൂറിമാരാണ്. ഇവര്‍ക്കിരിക്കാന്‍ ദയവു ചെയ്ത് ഒരു മൂന്നു സീറ്റ് ആരെങ്കിലും ഒഴിഞ്ഞുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ യാചനയ്ക്കു മുന്നില്‍ ആരൊക്കെയോ എഴുന്നേറ്റു മാറി. മാറിയവരോട് ശശിസാറിന് നന്ദിയുണ്ടായില്ലെങ്കിലും ജൂറികള്‍ നനന്ദി പറയാന്‍ മറന്നില്ല.

”ജൂറികള്‍ക്ക് വേണ്ടി മൂന്ന് സീറ്റുപോലും പിടിച്ചിടാതെ നിങ്ങളൊക്കെ എവിടെയായിരുന്നു”വെന്ന ഒരു ഡെലിഗേറ്റ് ചേച്ചിയുടെ ചോദ്യത്തിന് ‘ഞാനീ നാട്ടുകാരനേയല്ലെ’ന്നായിരുന്നു കല്ലിയൂര്‍ ശശിയുടെ പ്രതികരണം.

അടുത്ത പ്രശ്‌നങ്ങളുടെ തുടക്കം ഉച്ചക്കായിരുന്നു കമല്‍ സാര്‍ കൈരളിയുടെ മുന്നില്‍ ക്ഷുഭിതനായി. മലയാളം സിനിമയുടെ 85മത്തെ വാര്‍ഷികമാണ് 2013. എന്നിട്ടും സിനിമയുടെ എഴുപത്തിയഞ്ചാം വാര്‍ഷികമാണ് എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ബുക്ക്‌ലറ്റിലും ഫെസ്റ്റിവല്‍ ബുള്ളറ്റിലും എല്ലാം ഈ തെറ്റ് ആവര്‍ത്തിക്കുകയാണ്. വിഗതകുമാരനെ മലയാളത്തിലെ ആദ്യ സിനിമ ആയി അംഗീകരിക്കാത്തപ്പോള്‍ വിഗതകുമരനെപറ്റി താനെടുത്ത സീനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് പോലും കമല്‍ സാര്‍ പറഞ്ഞു കളഞ്ഞു . മാധ്യമക്കൂട്ടം വാര്‍ത്ത കിട്ടിയ സന്തോഷത്തില്‍ സംവിധായകനെ വളഞ്ഞു. പിന്നീട് അങ്ങോട്ട് കമല്‍ സാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാംസ്‌കാരിക മന്ത്രിക്ക് വിവരമില്ല എന്ന് പോലും പറഞ്ഞു കളഞ്ഞു
ഒടുവില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രിയദര്‍ശന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു, കമല്‍ സാറിനോട് ഖേദം പ്രകടിപ്പിച്ചതോടെ സംഗതി ക്ലീന്‍ ആയി.

അങ്ങിനെ ആദ്യത്തെ പ്രശ്‌നം കഴിഞ്ഞു ദേ വരുന്നു അടുത്തത് മേളയുടെ ഉത്ഘാടന ചടങ്ങ് ഹിന്ദുത്വവല്‍കരിച്ചത്രേ. ഉത്ഘാടന ദിനം അവതരിപ്പിച്ച ദശാവതരമാണ് വിവാദത്തിനു കാരണം.അതിനും നാടന്‍പാട്ട് പാടി പ്രതിഷേധിച്ചു. ഒരു മധുരമായ പ്രതിഷേധമായിരുന്നു ആസ്വദിക്കാന്‍ കഴിയുന്ന പ്രതിഷേധം..നമ്മുടെ മേള നടത്തിപ്പുകാരുടെ വകയായി സ്ഥിരം തമാശകള്‍ നടന്നു കൊണ്ടേ ഇരുന്നു . ഇടക്കിടക്ക് മാറ്റം വരുത്തുന്ന ഷെഡ്യുളിനെ പറ്റി അറിയിക്കാന്‍ മൊബൈല്‍ ഫോണില്‍ മെസ്സേജുകള്‍ വന്നു കൊണ്ടേ ഇരുന്നു.

പല സിനിമകളും തറയിലിരുന്നു പോലും കണ്ടു എന്ന് പറയുന്ന വീമ്പന്‍മാരുടെ നിരയും രണ്ടാം ദിനം വളരെ വലുതായിരുന്നു ..