യെമന്‍ ഭീകരാക്രമണത്തിനു പിന്നില്‍ അലക്വയ്ദ; യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തിനു പ്രതികാരം

single-img
7 December 2013

യെമന്‍ തലസ്ഥാനമായ സനായിലെ പ്രതിരോധമന്ത്രാലയ വളപ്പില്‍ കഴിഞ്ഞദിവസം നടത്തിയ ചാവേര്‍ ആക്രണത്തിന്റെ ഉത്തരവാദിത്വം അല്‍ക്വയ്ദ ഏറ്റെടുത്തു. യെമനിലെ അല്‍ക്വയ്ദക്കാര്‍ക്കെതിരേ അമേരിക്ക നടത്തുന്ന പൈലറ്റില്ലാ വിമാനാക്രമണത്തിന് (ഡ്രോണ്‍)പ്രതികാരമാണിതെന്നും അല്‍ക്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല വ്യക്തമാക്കി. പ്രതിരോധമന്ത്രാലയ വളപ്പിലെ ആശുപത്രിക്കു നേരേയുണ്ടായ ആക്രമണത്തില്‍ മലയാളി നഴ്‌സ് ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെടുകയും 167 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. രണ്ടു ജര്‍മന്‍ ഡോക്ടര്‍മാരും രണ്ടു വിയറ്റ്‌നാം ഡോക്ടര്‍മാരും യെമനില്‍നിന്നുള്ള ഒരു ഡോക്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സാനാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മലയാളി നഴ്‌സിനു പുറമേ ഫിലിപ്പീന്‍സുകാരിയായ ഒരു നഴ്‌സും ഭീകരാക്രമണത്തില്‍ മരിച്ചു.