ചലച്ചിത്രമേളയിലൂടെ: ഒന്നാം ദിനം

single-img
7 December 2013

ഉത്സവം എന്നു പറച്ചിലില്‍ മാത്രമൊതുങ്ങി പോയി എന്നു തോന്നിയേക്കാവുന്ന ഒരു നനഞ്ഞ തുടക്കമായിരുന്നു ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെത് . ആള്‍ കൂട്ടത്തിലകപ്പെട്ട കൈരളിയും നിളയും ശ്രീയും തുടക്കത്തില്‍ അന്യമായ കാഴ്ച്ചയായിരുന്നുവെങ്കിലും മദ്ധ്യാഹ്നം മുതല്‍ ചലച്ചിത്രോത്സവത്തിന്റെ പ്രൗഡിയിലേക്ക് കൈരളി മടങ്ങിയെത്തി. ഉച്ച ഭക്ഷണത്തിനു ശേഷം കൈരളി പരിസരത്തു തടിച്ചു കൂടിയ ഡെലിഗേറ്റ്‌സിനെ കണ്ടാല്‍ ഇതിനും വേണ്ടി സിനിമ പ്രേമികള്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിരുന്നുവോ എന്ന് തോന്നും.

മനസ്സില്‍ മോഹിച്ച സിനിമ അല്ലെങ്കിലും ഉച്ചയോടടുത്ത നേരം ഡെലിഗേറ്റ്‌സ് അഞ്ജലിയുടെ പരിസരത്തു കറങ്ങി നടന്നു. മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും ഉച്ചഭക്ഷണം കിടിയാലോ എന്നു കരുതിയാകണം . കുറച്ചു ബുദ്ധി ജീവികള്‍ തീയേറ്റര്‍ സെക്യൂരിട്ടിയോട് നേരിട്ട് ചോദിച്ച് ഇത്തവണ ആ പതിവ് നിര്‍ത്തി എന്നു സ്ഥിരീകരിച്ചിട്ടാണ് സ്ഥലം കാലിയാക്കിയത്. ഇനി അഞ്ജലിയിലെ ഷോ കഴിഞ്ഞിട്ടെങ്ങാനും കിട്ടിയാലോ എന്ന് കരുതി പലരും കാത്തിരുന്നു.

മുന്‍മേളകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കവി അയ്യപ്പനെ സിനിമാപ്രേമികള്‍ക്ക് അങ്ങനെ മറക്കാന്‍ കഴിയില്ലെന്ന് ചലച്ചിത്രോത്സവം ഒരിക്കല്‍കൂടി തെളിയിച്ചു. കൈരളിയില്‍ അയ്യപ്പനേയും വിനയചന്ദ്രന്‍ മാഷിനേയും സിനിമ പ്രേമികള്‍ കവിത ചൊല്ലി അനുസ്മരിച്ചത് വേറിട്ട കാഴ്ചയായി.

ആക്ട് ഓഫ് കില്ലിങ്ങ് കാണാന്‍ അഞ്ജലിയില്‍ കയറിയ പലര്‍ക്കും അബദ്ധം പറ്റിയത്രേ. ഉഗ്രന്‍ സിനിമ ആയിരിന്നു എങ്കിലും ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം പ്രതീക്ഷിച്ച് തീയറ്ററില്‍ കയറിയ ഡെലിഗേറ്റ്‌സുകള്‍ക്ക് രണ്ടേമുക്കാല്‍ മണിക്കൂര്‍ വിശപ്പും സഹിച്ച് സിനിമ കാണേണ്ടി വന്നു.

ഫെസ്റ്റിവല്‍ ഓഫീസിന്റെ മാതൃക എടുത്തു പറയേണ്ടത് തന്നെയാണ്. മ്യുസിയത്തിന്റെ കവാടം കൈരളിയുടെ പിന്നില്‍ എടുത്തു വെച്ചതു പോലെ. ഇത്തവണത്തെ ആട്ടോ ചേട്ടന്മാര്‍ കഴിഞ്ഞ വര്‍ഷത്തെക്കാളിലും ജോറാണെ. അതിലും ഉദാത്തമാണ് ഷീ ടാക്‌സി ചേച്ചിമാരുടെ സേവനം .പിങ്ക് നിറത്തിലുള്ള കാറുകള്‍ നിരന്നു കിടക്കുന്നു, ഒപ്പം െ്രെഡവര്‍ ചേച്ചിമാരും.

ഇത്തവണ ചലച്ചിത്രോത്സവം റിപ്പോര്ട്ട് ചെയ്യാന്‍ വലിയ തോതിലുള്ള മാധ്യമപ്പട തന്നെ എത്തിയിരുന്നു .
രാവിലെ തന്നെ എല്ലാ തവണത്തെയും പോലെ ഇത്തവണയും ഷെഡ്യൂള്‍ മാറിയ വിവരം മൊബൈല്‍ ഫോണില്‍
മെസ്സേജ് വന്നിരുന്നു.

വൈകുന്നേരം നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഉത്ഘാടന സമ്മേളനം ബഹു കേമമായിരുന്നു . മുഖ്യമന്ത്രി , ശബാന ആസ്മി, മഞ്ജു വാര്യര്‍ ,മന്ത്രിമാര്‍ തുടങ്ങിയ മഹാരഥന്മാര്‍ പങ്കെടുത്തു.
ചലച്ചിത്ര നിര്‍മാതാവായ എം .രഞ്ജിത്ത് ദശാവതാരത്തിന്റെ പെരുമയും ദൃശ്യഭംഗിയും ഗ്രസിച്ച് കലാകാരന്മാരെ വേദിയില്‍ നിരത്തി. മികച്ച പ്രകടനമെന്ന് ചുമ്മാ പറയുക അല്ല- നൃത്ത ചുവടുകള്‍ക്ക് വല്ലാത്ത വശ്യത.