മേളച്ചിത്രങ്ങള്‍; ഹൈവ്‌സ്

single-img
7 December 2013

2012 ല്‍ പുറത്തിറങ്ങിയ ഇസ്രയേല്‍ ചിത്രമായ ഹൈവ്‌സിനെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു സുതാര്യമായ സിനിമ.

വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന തികച്ചും വ്യത്യസ്തരായ ചില മനുഷ്യര്‍. കണ്‍മുന്‍പിലുള്ള സ്‌നേഹവും ജീവിതവും കാണാതെ ഇനിയും വലുത് തേടുന്ന മനുഷ്യര്‍. ലൈംഗികതയുടെ അതിപ്രസരമില്ലാതെ പച്ചയായ മനുഷ്യ ജീവിതങ്ങളെ തുറന്നു കാട്ടുന്ന സിനിമ. അധ്യാപികയെ സ്‌നേഹിക്കുന്ന റാപ് സംഗീത പ്രേമി വിദ്യാര്‍ഥിയും ഭര്‍ത്താവിന്റെ സ്‌നേഹമില്ലായ്മയില്‍ നിന്ന് തുടങ്ങുന്ന വിരക്തിയില്‍ വിദ്യാര്‍ത്ഥിയെ സ്‌നേഹിക്കുന്ന നിര എന്ന അദ്ധ്യാപികയും സിനിമയിലെ മുഖ്യ ആകര്‍ഷണമാണ്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒരു യുവതിയുമായി പ്രണയബദ്ധനാകുന്ന റാല്‍ഫ്. പാട്ടു പാടാന്‍ ഇഷ്ടപ്പെടാതെ അലസനായി കിടക്കയില്‍ തന്നെ ഒതുങ്ങുന്ന വലതു കൈ തളര്‍ന്ന പുരോഹിതന്‍. സഗ്രേബിലെ മാറ്റിജ, ബസ് യാത്രക്കാരനായ അഹമ്മദ്, അപരിചിതനായ യുവാവ് ഇവരെയെല്ലാം ഒന്നിപ്പിക്കുന്ന ഘടകം എന്തെന്നാല്‍ എല്ലാവരും തേനിച്ചകളുടെ അപ്രത്യക്ഷമാകലിനെ കുറിച്ചുള്ള ഒരു ബ്രേക്കിംഗ് ന്യൂസ് ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നു എന്നതാണ്. തന്റേതായ ഒരു ലോകം തീര്‍ത്ത് ഒരു തേനീച്ചക്കൂട്ടിലെന്നോണം ഒതുങ്ങി കഴിയുന്ന മനുഷ്യന്റെ സ്വഭാവം പിന്നെയും വ്യക്തമാക്കുന്ന തനിമ ചോരാത്ത സിനിമ.